വിദ്യാര്‍ഥികള്‍ക്കു സൗജന്യ ബസ്കാര്‍ഡ് വിതരണം ജൂലൈ ആദ്യവാരത്തില്‍ പൂര്‍ത്തിയാക്കും : കളക്ടര്‍

pkd-collectorപാലക്കാട്: ജില്ലയിലെ സമാന്തര അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കില്‍ ബസുകളില്‍ യാത്ര ചെയ്യുന്നതിനുള്ള കാര്‍ഡുകളുടെ വിതരണം ജൂലൈ ആദ്യവാരത്തോടെ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. ബസ് കാര്‍ഡുകള്‍ അനുവദിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ പത്തിനകം അപേക്ഷ നല്‍കണം. കളക്ടറേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

കാര്‍ഡ് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സുതാര്യമാക്കുന്നതിനും  പ്രതേ്യക സോഫ്റ്റവെയര്‍ ഉപയോഗിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികളുടെ വിശദമായ ലിസ്റ്റ് ജോയിന്റ് ആര്‍.ടി.ഒക്ക് നല്‍കണം. ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, പട്ടാമ്പി ജോയിന്റ് ആര്‍.ടി.ഒ ഓഫീസുകളിലാണ് ലിസ്റ്റുകള്‍ സമര്‍പ്പിക്കേണ്ടത്. സോഫ്റ്റുവെയര്‍ ഉപയോഗിക്കുക വഴി ബസുടമുളുടെ പരാതി ഒഴിവാക്കാന്‍ കഴിയുമെന്നും നിലവില്‍ കാര്‍ഡുകള്‍ നല്‍കിയവരടെ വിശദാംശങ്ങള്‍ എപ്പോഴും പരിശോധിക്കാന്‍ കഴിയുമെന്നും ജോയിന്റ് ആര്‍.ടി.യോ അനൂപ വര്‍ക്കി പറഞ്ഞു.

ഇതിനു പുറമെ സ്ഥാപനങ്ങള്‍ക്ക് തന്നെ കാര്‍ഡുകള്‍ തയ്യാറാക്കി നല്‍കാനും കഴിയും. ജില്ലയിലെ പല ബസ് സ്റ്റോപ്പുകളിലും വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്ന് യോഗത്തില്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പരാതി ഉന്നയിച്ചു. ഇത്തരം കേന്ദ്രങ്ങളില്‍ പോലീസിന്റെ സേവനം ഉപയോഗപ്പെടുത്താനും ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും ജില്ലാ കളക്ടര്‍ ആര്‍.ടി.ഒ ക്ക് നിര്‍ദ്ദേശം നല്‍കി.

വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള അധിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സ്കൂള്‍ കുട്ടികളെ കയറ്റി വരുന്ന മുഴുവന്‍ വാഹനങ്ങളുടെ രേഖകളും, ഡ്രൈവറുടെയും ഉടമയുടെയും വിശദവിവരങ്ങള്‍ സ്കൂള്‍  അധികൃതര്‍ നിര്‍ബന്ധമായും സൂക്ഷിക്കണം. അന്യ സംസ്ഥാന തൊഴിലാളികളുടെ കൂടെ എത്തുന്ന കുട്ടികള്‍ക്ക് നിര്‍ബന്ധമായും തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരിക്കണം. നിര്‍ദ്ദേശിക്കപ്പെട്ട എണ്ണത്തില്‍ കൂടുതല്‍  കുട്ടികളെ കയറ്റി യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

യോഗത്തില്‍ ജോയിന്റ് ആര്‍.ടി.ഒ അനൂപ് വര്‍ക്കി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുബീഷ്.പി , ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ ടി.കെ. രാജന്‍, കെ.ബി.ടി.എ സെക്രട്ടറി എം.ഗോകുല്‍ദാസ് , പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.രവീന്ദ്രകുമാര്‍, എന്‍.പാരിജാക്ഷന്‍ (ഗവണ്‍മെന്റ് പോളിടെക്‌നിക്ക്, കെ.വിദ്യാധരന്‍ (പാരലല്‍ കോളേജ് അസ്സോസിയേഷന്‍),വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Related posts