മാവേലിക്കര: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നൂറുലിറ്റര്‍ ചാരായവുമായി യുവാവ് പിടിയിലായി. കണ്ണമംഗലം ഈരേഴ വടക്ക് ഉണിച്ചേത്ത് വീട്ടില്‍ മനോജ്(33) ആണ് മാവേലിക്കര എക്സൈസിന്റെ പിടിയിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇന്നലെ പുലര്‍ച്ചെ 5.45 ഓടെയാണ് പ്രതി പിടിയിലായത്. ഈരേഴ വടക്ക് ഉണിച്ചേത്ത് കുടുംബക്ഷത്രത്തിനു സമീപത്തുനിന്നും 35 ലിറ്റര്‍ വീതം കൊള്ളുന്ന രണ്ടും, 10 ലിറ്റര്‍ വീതംകൊള്ളുന്ന മൂന്നു കന്നാസുകളിലായി സൂക്ഷിച്ചിരുന്ന ചാരായവും വാറ്റുപകരണങ്ങളുമാണ് എക്സൈസ് സംഘം കണ്ടെത്തിയത്.
ഇയാളുടെ ഒപ്പമുണ്ടായിരുന്ന ഉണിച്ചേത്ത് വീട്ടില്‍ രാജീവ്, നെടുങ്കണ്ടത്ത് രതീഷ് എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നതായി എക്സൈസ് സംഘം അറിയിച്ചു. പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ശിവപ്രസാദ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എ.കെ. ശശി, പ്രിവന്റീവ് ഓഫീസര്‍ എന്‍. സതീശന്, ബാബു ഡാനിയല്‍, അശ്വിന്, അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.