മഞ്ചേരി: എസ്ടിഡി ബൂത്ത് ജോലിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിനെ മഞ്ചേരി എസ്‌സി – എസ്ടി സ്‌പെഷല്‍ കോടതി ശിക്ഷിച്ചു.ഏഴ് വര്‍ഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു വര്‍ഷം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. കുഴിമണ്ണ മുതുവല്ലൂര്‍ തവനൂര്‍ കിഴക്കെതോട്ടുങ്ങല്‍ ബിച്ചു പ്രസാദ് എന്ന രഘു (35)വിനെയാണ് ശിക്ഷിച്ചത്. 2010 മേയ് 30നാണ് കേസിനാസ്പദമായ സംഭവം.
സഹോദരിയുടെ വീടിനടുത്ത് താമസിക്കുന്ന പ്രതിയുമായി യുവതി പ്രണയത്തിലായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യാനെന്നു പറഞ്ഞു യുവതിയെ ബൈക്കില്‍ കയറ്റി നിലമ്പൂരിലും ഗൂഡല്ലൂരിലും കൊണ്ടു പോയ പ്രതി, വഴിക്കടവില്‍ ലോഡ്ജില്‍ റൂമെടുത്ത് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് യുവതി കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കി. പ്രതി പിഴയടക്കുന്ന പക്ഷം 75,000 രൂപ യുവതിക്ക് നല്‍കണമെന്നും ജഡ്ജി കെ.സുഭദ്രാമ്മ ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.കെ.അബ്ദുള്ളക്കുട്ടി ഹാജരായി.