വണ്ടിത്താവളം: വീടിന്റെ പൂട്ടുപൊളിച്ച് അലമാരയില്‍ സൂക്ഷിച്ച അയ്യായിരം രൂപയും മുക്കാല്‍പവന്‍ ആഭരണവും കവര്‍ന്നു. വായ്ക്കല്‍മട അബ്ദുള്‍ഖാദറിന്റെ മകന്‍ ഷംസുദീന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയിലുണ്ടായിരുന്ന ബൈക്കിന്റെ ആര്‍.സി.ബുക്ക്, ഷംസുദീന്റെയും ഭാര്യയുടെയും ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകളും നഷ്ടപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ രണ്ടരയ്ക്കും മുന്നിനും ഇടയിലായിരുന്നു മോഷണം.
ഷംസുദീന്റെ ഭാര്യ പ്രസവാനന്തര ചികിത്സയ്ക്കായി സ്വന്തം വീട്ടിലായിരുന്നു. പുലര്‍ച്ചെ രണ്ടരയ്ക്ക് മീന്‍കച്ചവടത്തിനുപോയ ഷംസുദീന്‍ മീന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് മുന്‍വാതില്‍ പൊളിച്ചനിലയില്‍ കണ്ടത്. മുന്‍വാതിലിന്റെ പൂട്ടുപൊളിക്കാന്‍ ഉപയോഗിച്ച രണ്ടു ഉളികളും ഒരു ജോഡി ചെരിപ്പും സമീപത്തു കിടന്നിരുന്നു. മുന്‍ഭാഗത്തെ ജനലിന്റെ ചില്ല് പൊട്ടിയ നിലയിലും വീടിനകത്തു ഒരു വലിയ കല്ലും കണ്ടെത്തി. ആളില്ലെന്നു ഉറപ്പിക്കാനാകാം കല്ലെറിഞ്ഞതെന്നു കരുതുന്നു. സമീപത്തെ താമസക്കാരായ സിദ്ധിഖിന്റെ വീട്ടുകാര്‍ ജനല്‍ തുറക്കുന്ന നേരിയ ശബ്ദം കേട്ടിരുന്നു. ഷംസുദീന്റെ പരാതിയില്‍ മീനാക്ഷിപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.