വീഥികളെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാരും രാധികമാരും

alp-sreekrishnanചേര്‍ത്തല: നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വീഥികളാകെ  മയില്‍പ്പീലി ചൂടി ഓടക്കുഴലുമായി എത്തിയ ഉണ്ണിക്കണ്ണന്‍മാര്‍ നിറഞ്ഞൊഴുകിയപ്പോള്‍ ഭക്തമനസുകള്‍ ആനന്ദലഹരിയില്‍ ആറാടി. ഉണ്ണിക്കണ്ണന്മാരുടെയും രാധികയുടെയും വേഷമണിഞ്ഞ് മയില്‍പീലിയും ഓടക്കുഴലുമേന്തി കുട്ടികള്‍ അണിനിരന്ന ശോഭായാത്രകള്‍ കാഴ്ചക്കാരുടെ കണ്ണുകള്‍ക്ക് വിരുന്നായി. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടന്നത്.

ചേര്‍ത്തല താലൂക്കില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ 12 മഹാശോഭായാത്രകളാണു നടത്തിയത്. തണ്ണീര്‍മുക്കം മണ്ഡലത്തില്‍ ആല്‍ത്തറയില്‍ സംഗമിച്ചു ചാലിനാരായണപുരം ക്ഷേത്രത്തിലേക്കായിരുന്നു ശോഭായാത്ര. വാരനാട് മണ്ഡലത്തില്‍ വാരനാട് കവലയില്‍ നിന്നു വാരനാട് ദേവി ക്ഷേത്രത്തിലേക്കും ചേര്‍ത്തല നഗരത്തിലെ നാലു മണ്ഡലങ്ങളിലെ ശോഭായാത്രകള്‍ ദേവീക്ഷേത്ര മൈതാനത്തില്‍ സംഗമിച്ചു നഗരം ചുറ്റി കാര്‍ത്ത്യായനി ദേവീ  ക്ഷേത്രത്തില്‍ സമാപിച്ചു.

മരുത്തോര്‍വട്ടത്ത് പോറ്റിക്കവലയില്‍ നിന്നു ധന്വന്തരി ക്ഷേത്രത്തിലേക്കും പുത്തനങ്ങാടിയില്‍ കണ്ടനാട്ട് നിന്ന് ഇലഞ്ഞാംകുളങ്ങര ദേവി ക്ഷേത്രത്തിലേക്കും ചെറുവാരണത്ത് മാന്നാറ്റുവെളി ക്ഷേത്രത്തില്‍ നിന്നു ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുമാണു ശോഭായാത്രകള്‍ നടന്നത്. അരീപ്പറമ്പ് ഇ.കെ കവലയില്‍ നിന്നു തിരുവിഴ മഹാദേവ ക്ഷേത്രത്തിലേക്കും കുറുപ്പംകുളങ്ങരയില്‍ ചമ്പക്കാട്ട് നിന്ന് അറവുകാട് ക്ഷേത്രത്തിലേക്കും കടക്കരപ്പള്ളിയില്‍ ആലുങ്കലില്‍ നിന്നു പടിഞ്ഞാറേ കൊട്ടാരം ധര്‍മശാസ്താ ക്ഷേത്രത്തിലേക്കുമായിരുന്നു ശോഭായാത്രകള്‍.

ചേര്‍ത്തലയില്‍ നഗരസഭാ കൗണ്‍സിലര്‍ ഡി.ജ്യോതിഷും, മരുത്തോര്‍വട്ടത്തു പ്രഫ.മോ ഹന്‍കാര്യാട്ടും, അരീപ്പറമ്പില്‍ ബാലഗോകുലം താലൂക്ക് കാര്യവാഹ് സി.കൃഷ്ണകുമാറും, കടക്കരപ്പള്ളിയില്‍ സി.എം സുജിത്തും ഉദ്ഘാടനം നിര്‍വഹിച്ചു. ചേര്‍ത്തലയിലെ പ്രധാന ക്ഷേത്രങ്ങളിലും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നടത്തി. മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രം, ശാവശ്ശേരി മഹാവിഷ്ണു ക്ഷേത്രം, പാലക്കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുനല്ലൂര്‍ ഗോവിന്ദപുരം ക്ഷേത്രം, ഉഴുവ പുതിയകാവ് ദേവങ്കല്‍ മഹാവിഷ്ണുക്ഷേത്രം, കളവംകോടം ശക്തീശ്വരക്ഷേത്രം, ഒളതല തൃക്കയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുതുമന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും പ്രത്യേക പൂജകളും ചടങ്ങുകളും നടന്നു.

Related posts