വെട്ടിയാറില്‍ ക്ഷേത്രം ഓഫീസ് കുത്തിത്തുറന്ന് മോഷണം: അന്വേഷണം ഊര്‍ജിതമാക്കി

alp-moshanamമാങ്കാംകുഴി: വെട്ടിയാര്‍ പള്ളിയറക്കാവ് ക്ഷേത്രത്തിന്റെ ഓഫീസ് മുറി കുത്തിതുറന്ന് ഒരുലക്ഷം രൂപയോളം കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മോഷണം നടന്നത.് ഓഫീസ് മുറിയുടെ മുന്‍ഭാഗത്തെ കതകിന്റെ  പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ അലമാര കുത്തിതുറന്ന് പണം അപഹരിക്കുകയായിരുന്നു. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാര്‍ മോഷണം നടന്നതായി കണ്ടെത്തുകയും ക്ഷേത്ര ഭാരവാഹികളെ വിവരമറിയിക്കുകയുമായിരുന്നു.

പിന്നീട് കുറത്തികാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവെടുപ്പ് നടത്തി. പോലീസ് നായ ക്ഷേത്രത്തിനു സമീപത്തെ സദ്യാലയത്തിനു സമീപം വരെ ഓടി പോയെങ്കിലും  മോഷ്ടാക്കളെ കണ്ടെത്താനുള്ള  തെളിവുകള്‍  ഒന്നും ലഭിച്ചില്ല.  ക്ഷേത്രത്തിലെ പറയെടുപ്പുമായി ബന്ധപെട്ട് ജീവനക്കാര്‍ക്ക് നല്‍കാന്‍ വച്ചിരുന്ന പണമാണ് മോഷണം പോയതെന്ന് ക്ഷേത്രം ദേവസ്വം പ്രസിഡന്റ് ശ്രീധരന്‍ പിള്ള പറഞ്ഞു. മോഷ്ടാക്കള്‍ക്കുവേണ്ടി കുറത്തികാട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Related posts