കൊണ്ടോട്ടി: കേന്ദ്ര സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫഷ്യന്‍സി സര്‍വീസ് ലിമിറ്റഡ് (ഇഇഎസ്എല്‍) മുഖേന കെഎസ്ഇബി നല്‍കുന്ന എല്‍ഇഡി ബള്‍ബുകളുടെ വിതരണം വൈദ്യുത ബോര്‍ഡിനു തിരിച്ചടിയാകും. മൂന്നു വര്‍ഷത്തെ ഗ്യാരണ്ടിയോടെയാണ് ഉപഭോക്താവിനു ഒമ്പതു വാട്ട്‌സിന്റെ എല്‍ഇഡി ബള്‍ബുകള്‍ ഇഇഎസ്എല്ലില്‍ നിന്നു വാങ്ങി കെഎസ്ഇബി വിതരണം ചെയ്യുന്നത്. എന്നാല്‍ ബള്‍ബിന്റെ പാക്കറ്റില്‍ ഐഎസ്‌ഐ മുദ്രയോ, മതിയായ ഗ്യാരണ്ടിയോ രേഖപ്പെടുത്തിയിട്ടില്ല.
വിതരണത്തിനെത്തിച്ച ബള്‍ബുകളില്‍ പലതും വേണ്ടത്ര കാര്യക്ഷമതയില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഐഎസ്‌ഐ മാര്‍ക്ക് രേഖപ്പെടുത്തിയ പ്രമുഖ കമ്പനികളുടെ ബള്‍ബുകളാണ് ആദ്യഘട്ടത്തില്‍ കെഎസ്ഇബി വിതരണം ചെയ്തിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വിതരണത്തിനെത്തിച്ച ബള്‍ബുകളാണ് ഉപഭോക്താക്കളുടെ ആക്ഷേപത്തിനിടയാക്കിയിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഉദംസിങ്ങ് നഗറില്‍ പ്രവര്‍ത്തിക്കുന്ന കെന്‍സോ ഓര്‍കസ് കമ്പനിയുടെ ബള്‍ബുകളാണ് ഇപ്പോള്‍ വിതരണം ചെയ്തു വരുന്നത്.
ബള്‍ബിനു മൂന്നു വര്‍ഷത്തെ ഗ്യാരണ്ടിയാണ് ഉപഭോക്താവിനു കെഎസ്ഇബി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇഇഎസ്എല്‍ കമ്പനി ഇതു പാക്കറ്റിലും മറ്റും രേഖപ്പെടുത്തിയിട്ടില്ല. ആയതിനാല്‍ ഉപഭോക്താവിനു പകരം ബള്‍ബ് നല്‍കാന്‍ ഇഇഎസ്എല്ലില്‍ തന്നെ വൈദ്യുതി ബോര്‍ഡ് പണം നല്‍കി വാങ്ങേണ്ടി വരും.
ഇവ വൈദ്യുത ബോര്‍ഡിനു കടുത്ത സാമ്പത്തിക ബാധ്യത വരുത്തും. കേന്ദ്രം മറ്റു സംസ്ഥാനങ്ങളില്‍ നല്‍കുന്ന പദ്ധതി കേരളത്തിലും നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നു വൈദ്യുതി ബോര്‍ഡ് പറയുന്നത്. മാര്‍ക്കറ്റില്‍ 350 രൂപ മുതല്‍ 400 വരെ വിലവരുന്ന ബള്‍ബുകളാണ് ഇവയെന്ന് പറയുന്നുണ്ടെങ്കിലും ഗ്യാരണ്ടിയോ ഐഎസ്‌ഐ മുദ്രയോ ഇല്ലാത്തതാണ് പൊതുജനത്തെ ആശങ്കയിലാക്കുന്നത്.