വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാന പാതയില്‍; അപകടക്കെണി തീര്‍ത്തു കുഴുപ്പിള്ളി പാലം

ekm-accidentbridgeചെറായി: വൈപ്പന്‍-പള്ളിപ്പുറം സംസ്ഥാന പാതയില്‍ പുനര്‍നിര്‍മ്മാണം ഇഴയുന്ന കുഴുപ്പിള്ളി-അയ്യമ്പിള്ളി പാലം അപകടക്കെണിയായി മാറുന്നു. പാലത്തിന്റെ തെക്കേ അപ്രോച്ച് റോഡാണ് നാട്ടുകാര്‍ക്കും വാഹനങ്ങള്‍ക്കും അപകടക്കെണിയായി  ഇപ്പോള്‍ മാറിയിരിക്കുന്നത്. കുണ്ടും കുഴികളും നിറഞ്ഞ അപ്രോച്ചിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നതു വളരെ പ്രയാസപ്പെട്ടാണ്. ചില  സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള  വാഹനങ്ങള്‍   കുഴികള്‍ താണ്ടുമ്പോള്‍ പരിധിവിട്ട്  ഇളകിയാടുന്നതിനാല്‍ വാഹനങ്ങള്‍ അപ്രോച്ചില്‍ നിന്നും താഴേക്ക് പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

അപ്രോച്ച് റോഡിന്റെ ഒരു വശത്തെ ഭിത്തി ഇടിഞ്ഞു തകര്‍ന്ന് കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ പടിഞ്ഞാറു ഭാഗത്തേക്ക് മറിയാനും സാധ്യതയുണ്ട്. പാലം ഇറങ്ങി വരുന്ന വാഹനങ്ങള്‍ക്കാണു കൂടുതല്‍ ഭീഷണി. നിര്‍മ്മാണത്തിലെ പിഴവു മൂലം  പാലത്തിന്റെ പ്രധാന സ്ലാബില്‍ നിന്നും അപ്രോച്ചിലേക്ക് ബന്ധപ്പെടുത്തിയിട്ടുള്ള സ്ലാബ് താഴേക്ക് ഇരുന്നതും വാഹനങ്ങള്‍ക്ക് വിനയായിട്ടുണ്ട്.

തകര്‍ന്ന് കിടക്കുന്ന അപ്രോച്ചിലേക്കു കിഴക്കു നിന്നും ഒരു പോക്കറ്റ് റോഡ് വന്നു കയറുന്നതു നാട്ടുകാര്‍ക്കു മറ്റൊരു ദുരന്തഭീതി തീര്‍ത്തിരിക്കുകയാണ്. ഓട്ടോറിക്ഷയും മറ്റു ചെറിയ വാഹനങ്ങളും ടൂവീലറുകളും കാല്‍ നടക്കാരും അപകടം പിടിച്ച അപ്രോച്ചിലേക്ക് വന്നു കയറുമ്പോള്‍ അപകടസാധ്യത ഏറെയാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച പാലം നിര്‍മ്മാണം ഇടക്ക് നിലച്ചശേഷം ആറു മാസങ്ങള്‍ക്ക് മുമ്പ് പുനരാരംഭിച്ചെങ്കിലും വീണ്ടും  ഇപ്പോള്‍ രണ്ടു മാസത്തോളമായി നിലച്ചുകിടക്കുകയാണ്.

Related posts