പത്തനംതിട്ട: ശബരിമല സന്നിധാനത്തെ വെടിവഴിപാടിന് ജില്ലാ കളക്ടര്‍ താത്കാലിക വിലക്കേര്‍പ്പെടുത്തി. കരാര്‍ കാലാവധി അവസാനിച്ചതിനാലും മതിയായ സുരക്ഷയില്ലാതെ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതിനെത്തുടര്ന്നുമാണ് നടപടി.
ജില്ലാ പോലീസ് മേധാവിയും ഫയര്‍ഫോഴ്സും ഇതു സംബന്ധിച്ച് കളക്ടര്‍ക്കു റിപ്പോര്‍ട്ടു നല്‍കിയിരുന്നു. കരാര്‍ പുതുക്കുന്നതുവരെ നിരോധനം ബാധകമായിരിക്കും. പരവൂര്‍ ദുരന്തത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ശബരിമലയിലെ വെടി വഴിപാട് ലൈസന്‍സും സ്ഫോടകവസ്തു ശേഖരവും സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയത്. കരാറുകാരന് മാനദണ്ഡങ്ങള്‍ പാലിച്ച് പുതിയ അപേക്ഷ നല്കിയാല് മാത്രമേ ഇനി വെടിവഴിപാട് നടത്താന്‍ അനുവദിക്കൂ. ലൈസന്‍സ് കാലാവധി മാര്‍ച്ച് 31ന് കഴിഞ്ഞിരുന്നു.
420 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് ലൈസന്‍സ് കാലാവധി കഴിഞ്ഞിട്ടും സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്നതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ല. സ്ഫോടക വസ്തുക്കള്‍ പ്ലാസ്റ്റിക് ടിന്നുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ ജനാലകള്‍ തുറന്നിട്ടിരിക്കുകയുമാണ്. ഇതിനടുത്തായി മാലിന്യം കൂട്ടിയിട്ട് തീ കത്തിക്കാറുമുണ്ട്. വിഷു ഉത്സവത്തിനു നട തുറന്നിരിക്കുന്ന കാലയളവിലാണ് നിരോധനം.
സൂക്ഷിച്ചിരിക്കുന്ന സ്ഫോട്ക വസ്തുക്കള്‍ നീക്കം ചെയ്യുന്ന കാര്യം പോലീസുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് കളക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. വെടി വഴിപാട് നടക്കുന്ന സ്ഥലത്തേക്ക് ഒരേ സമയം അഞ്ചു കിലോഗ്രാമില്‍ താഴെയേ സ്ഫോടക വസ്തുക്കള്‍ കൊണ്ടു പോകാവൂവെന്ന് കരാറുകാരനുള്ള മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഇതു പലപ്പോഴും ലംഘിക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസയം കഴിഞ്ഞ മാര്‍ച്ച് 31ന് ദേവസ്വം ബോര്‍ഡിന്റെ ലൈസന്‍സിന്റെ കാലാവധി അവസാനിച്ചെങ്കിലും അതിന് മുമ്പുതന്നെ 15,000രൂപയുടെ ഡിഡി സഹിതം എറണാകുളത്ത് എക്സ്പ്ലോസീവ് കണ്‍ട്രോളര്‍ക്ക് ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കിയിരുന്നതായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.എല്‍.രേണുഗോപാല്‍ പറഞ്ഞു.
അപേക്ഷ സ്വീകരിച്ചതിന്റെ രസീതും ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഫോട്ടോ കോപ്പി പോലീസിനെ കാണിച്ചിരുന്നതായും അദ്ദേഹംപറയുന്നു. 500 കിലോ വെടിമരുന്ന് സൂക്ഷിക്കാനുള്ള അനുവാദമാണ് ദേവസ്വം ബോര്‍ഡിനുള്ളത്. സന്നിധാനത്ത് കുറ്റിവെടി നടത്തുന്ന കരാറുകാരന് 2020 വരെയുള്ള ലൈസന്‍സുണ്ടെന്നും ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.