ശമ്പളം മുടങ്ങി; ജീവനക്കാര്‍ കണ്ണൂര്‍ സര്‍വകലാശാല വിസിയെ ഉപരോധിച്ചു

knr-vcകണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ നാലു ജീവനക്കാര്‍ക്കു ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്, രജിസ്ട്രാര്‍ ബാലചന്ദ്രന്‍ കീഴോത്ത്, പിവിസി ഡോ. അശോകന്‍ എന്നിവരെ ഉപരോധിച്ചു. ശമ്പളം മുടങ്ങിയ ജീവനക്കാര്‍ക്ക് എത്രയും പെട്ടെന്ന് ശമ്പളം നല്‍കാനുള്ള സംവിധാനമൊരുക്കണമെന്ന് കാണിച്ച് യൂണിയന്‍ നേതാക്കള്‍ കഴിഞ്ഞ അഞ്ചിന് വിസിയെ കണ്ടിരുന്നു. രണ്ട് ദിവസത്തിനകം ശമ്പളവിതരണം നടത്താമെന്നു വിസി ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ലെന്നു യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

ഇന്നു രാവിലെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ യൂണിയന്‍ നേതാക്കള്‍ വിസിയെ കണ്ടപ്പോള്‍ താന്‍ ഇപ്പോള്‍ തിരക്കിലാണെന്നും ഉച്ചകഴിഞ്ഞ് സംസാരിക്കാമെന്നു പറയുകയും ചെയ്തുവത്രെ. ഇതോടെ യൂണിയന്‍ അംഗങ്ങള്‍ സംഘടിച്ചെത്തുകയും ശമ്പളപ്രശ്‌നം ആദ്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപരോധിക്കുകയുമായിരുന്നു. യൂണിയന്‍ സെക്രട്ടറി വിജയന്‍ അടുക്കാടന്‍, പ്രസിഡന്റ് അബ്ദുള്‍ ജബ്ബാര്‍, എം. രാമചന്ദ്രന്‍, കെ. രഞ്ജന, ലീന സുകുമാര്‍, എം. സജീവന്‍, രാഹുല്‍ ബി. അശോക് എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം. സമരം തുടരുകയാണ്.

Related posts