ശരീരം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ വിട്ടുകൊടുത്ത് ഡോ.അന്നമ്മ

ktm-doctorതൊടുപുഴ: ബംഗഌദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ വേദന അനുഭവിക്കുന്നവര്‍ക്കും ശിഷ്ടകാലം മലയാളി സമൂഹത്തിനുമായി ജീവിതം മാറ്റി വച്ച  അന്നമ്മ ഡോക്ടര്‍ നിത്യതയിലേക്കു യാത്രയായപ്പോഴും  സേവനത്തിന്റെ മാതൃകയായി. കരിങ്കുന്നം വടക്കുംമുറി  തട്ടായത്ത് പരേതരായ പുന്നൂസിന്റെയും ഏലിക്കുട്ടിയുടെയും  എട്ടുമക്കളില്‍ മൂത്തമകളായ ഡോ. അന്നമ്മ കഴിഞ്ഞ ദിവസമാണ് ഈ ലോകത്തോടു വിട പറഞ്ഞത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സഹോദരന്‍മാരുടെ കൂടെയായിരുന്നു താമസം. ശരീരവും മനസും   സേവനത്തിനു ഉഴിഞ്ഞുവച്ച നിസ്വാര്‍ഥ പ്രവര്‍ത്തകയായിരുന്ന ഡോ. അന്നമ്മയുടെ അന്ത്യാഭിലാഷം സാധിക്കാന്‍ സഹോദരന്‍മാരും  സഹോദരമക്കളും രംഗത്ത് വന്നതും ശ്രദ്ധേയമായി. ഇതിനായി കോട്ടയം അതിരൂപതയുടെ അനുവാദവും സഹോദരങ്ങള്‍ നേടി.

മരണശേഷം തന്റെ ശരീരം കോട്ടയം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ നല്കണമെന്ന ആഗ്രഹം മരണപത്രത്തില്‍ എഴുതി വച്ചിരുന്ന  ഡോ. അന്നമ്മ ഇതു സഹോദരന്‍ പരേതനായ  തോമസിന്റെ മകന്‍ ജോയലിനു കൈമാറിയിരുന്നു. സഹോദരന്‍  ടി.പി.ജോസാണ്  സഹോദരിയുടെ അന്ത്യാഭിലാഷം സാധിക്കുന്നതിനു സമ്മതപ്പത്രം നല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളജ് ഭൗതികശരീരം ഏറ്റെടുക്കുകയും ചെയ്തു.

കോട്ടയം അതിരൂപതയിലെ ആദ്യകാല ഡോക്ടര്‍ എന്ന ഖ്യാതിയുള്ള ഡോ. അന്നമ്മ, രോഗങ്ങളോടും കാട്ടുമൃഗങ്ങളോടും പടപൊരുതി കഷ്ടപ്പെടുന്ന  കുടിയേറ്റ മേഖലകളില്‍ സേവനം ചെയ്യുന്നതിനാണ് ആഗ്രഹിച്ചത്. ദീര്‍ഘകാലം മാലക്കല്ല് മര്‍ത്ത മറിയം ആശുപത്രിയിലായിരുന്നു സേവനം.  കോട്ടയം കാരിത്താസ് ആശുപത്രിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1971ല്‍ പാക്കിസ്ഥാന്‍ ബംഗഌദേശ് ആക്രമിച്ചപ്പോള്‍ ഇന്ത്യയിലേക്കു ഒഴുകിയ ആയിരക്കണക്കിനു അഭയാര്‍ഥികളുടെ  വേദന അറിഞ്ഞ  ഡോ. അന്നമ്മ  അവരെ സഹായിക്കണമെന്നു ആഗ്രഹിച്ചു.  ഇന്ത്യന്‍ കാത്തലിക്ക് ഹോസ്പിറ്റല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍  അഭയാര്‍ഥി ക്യാമ്പുകളിലേക്കുപോകണമെന്നു തീരുമാനിച്ചു. അതിനായി വസ്ത്രങ്ങളും മരുന്നും ശേഖരിച്ചാണ്  സംഘം യാത്ര പുറപ്പെട്ടത്. ഡോക്ടറിന്റെ നേതൃത്വത്തില്‍ നഴ്‌സുമാരായ എല്‍സി  ചെമ്മാച്ചേലും  ബ്രിജിറ്റ്്  കൂവപ്ലാക്കലും കൂടെയുണ്ടായിരുന്നു.

കോല്‍ക്കത്തയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള സാള്‍ട്ടിലേക്കാണ് സംഘം ട്രെയിന്‍മാര്‍ഗം പോയത്. 12,000 ത്തോളം ഷെഡുകളില്‍ രണ്ടു ലക്ഷത്തോളം അഭയാര്‍ഥികള്‍. ഇവരെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാനുള്ള ശ്രമമായിരുന്നു ഇവര്‍ നടത്തിയത്. മാസങ്ങള്‍ക്കു ശേഷമാണ് ഇവിടെ നിന്നും തിരിച്ചു വരുന്നത്.

Related posts