ഷൊര്‍ണൂര്‍: കേന്ദ്രസര്‍ക്കാര്‍ പദ്ധതിപ്രകാരം വ്യവസായമേഖലയായ ഷൊര്‍ണൂരില്‍ വൈദ്യുതിവിതരണ രംഗത്ത് എബിസി സംവിധാനം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സജ്ജമാകുന്നു. വ്യവസായമേഖലയിലെ വൈദ്യുതീകരണം സ്ഥിരീകരിച്ച് കുറ്റമറ്റതാക്കാനാണ് പുതിയ തീരുമാനം. വൈദ്യുതിവിതരണം മുടങ്ങുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് സംവിധാനം ഒരുക്കുന്നത്. കുളപ്പുള്ളിയിലെ സംസ്ഥാനപാതയ്ക്കരികിലുള്ള ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലേക്കും മെറ്റല്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയിലേക്കുമാണ് പുതിയ സവിധാനത്തില്‍ വൈദ്യുതി വിതരണം ചെയ്യുക.
ഇതിന്റെ പ്രവൃത്തികള്‍ കെഎസ്ഇബിയില്‍ പുരോഗമിക്കുകയാണ്. നൂറുക്കണക്കിനുപേര്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ വൈദ്യുതി തടസപ്പെടുന്നതുമൂലം വന്‍ സാമ്പത്തികനഷ്ടമാണ് വരുത്തിവയ്ക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാനാണ് പദ്ധതി. ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ (എബിസി) സംവിധാനത്തിലാണ് വൈദ്യുതി വിതരണം ചെയ്യുക. സാധാരണ രീതിയില്‍നിന്ന് വ്യത്യസ്തമായി പ്ലാസ്റ്റിക് കവറിംഗോടുകൂടിയ കമ്പികളിലൂടെയാണ് ഇവിടേക്കുള്ള വൈദ്യുതി കടന്നുപോകുക. ഇതിനാല്‍ തന്നെ മരംവീഴുകയോ കൊമ്പുകള്‍ പൊട്ടിവീണോ ഉണ്ടാകുന്ന തടസം ഇവരെ ബാധിക്കില്ല. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണിത്.
ആര്‍എപിഡിആര്‍പി എന്ന പദ്ധതിപ്രകാരമാണ് ഷൊര്‍ണൂരില്‍ ഈ നൂതനസംവിധാനം വരുന്നത്. വ്യവസായമേഖലയിലേക്കുള്ള ഒരു കിലോമീറ്റര്‍ ദൂരത്തേക്കാണ് 11 കെ.വി.ലൈന്‍ വലിക്കുന്നത്. സബ് സ്റ്റേഷനില്‍നിന്ന് വൈദ്യുതി കേബിള്‍ എത്തിക്കുന്ന ജോലികള്‍ ഇതിനകം പൂര്‍ത്തിയായി.വ്യവസായമേഖലയിലേക്കായി പുതിയ ഫീഡറും നല്‍കുന്നുണ്ട്. ഇതുകൊണ്ടു വീട്ടാവശ്യങ്ങള്‍ക്കുള്ള ലൈനില്‍ തടസം വന്നാലും വ്യവസായമേഖലയിലേക്ക് തടസം വരില്ലെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. 11 ലക്ഷം രൂപ ചെലവഴിച്ചാണ് ഇതിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നത്.
ബാംഗളൂര്‍ ആസ്ഥാനമായ കമ്പനിയാണ് പ്രവൃത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ഈ രീതിയിലുള്ള വൈദ്യുതിവിതരണം ഉണ്ടെങ്കിലും ഇവിടെ ഇതു നടപ്പാക്കി വരുന്നതേയുള്ളൂ.110 കെ.വി.ലൈന്‍ കൊണ്ടുപോകുന്നതിനുള്ള പ്രശ്നങ്ങളും പുതിയ സംവിധാനത്തിന് വിഷയമല്ല. അപകട സാധ്യതയും വളരെ കുറവാണ്. നിലവിലുള്ള വൈദ്യുതിപോസ്റ്റുകള്‍ തന്നെയാണ് പുതിയ സംവിധാനത്തിനും പ്രയോജനപ്പെടുത്തുന്നത്.