ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിന്റെ പീസ് ടെലിവിഷന്‍ ചാനല്‍ ഇന്ത്യയും നിരോധിച്ചു. സംപ്രേഷണാനുമതി നല്കിയിട്ടില്ലാത്തതിനാല് ഏതെങ്കിലും മാര്‍ഗത്തിലൂടെ ഇന്ത്യയില്‍ ഇത് ജനങ്ങള്‍ക്ക് എത്തിച്ചാല്‍ കര്‍ശന നിയനടപടിയുണ്ടാകുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി എം. വെങ്കയ്യ നായിഡു അറിയിച്ചു. കഴിഞ്ഞദിവസം ബംഗ്ലാദേശ് ചാനല്‍ നിരോധിച്ചിരുന്നു.
ധാക്ക ഭീകരാക്രമണത്തിനു സക്കീറിന്റെ പ്രഭാഷണങ്ങള്‍ പ്രേരകമായെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അവിടെ നിരോധനം ഏര്‍പ്പെടുത്തിയത്.സക്കീറിന്റെ പ്രഭാഷണങ്ങള്‍ സംപ്രേഷണം ചെയ്യുന്ന പീസ് ടിവി നിരോധിച്ചത് സുരക്ഷാ കാരണത്താലാണെന്നു നായിഡു പറഞ്ഞു. സമാധാനാന്തരീക്ഷത്തെ ബാധിക്കുന്നതിനാല്‍ നിരവധി രാജ്യങ്ങള്‍ ടെലിവിഷന്‍ സംപ്രേഷണം നിഷേധിച്ചിരിക്കുകയാണ.് ഇന്ത്യ ഇതുവരെ സക്കീറിന്റെ ചാനലിന് അനുമതി നല്‍കിയിരുന്നില്ല.
2008ല്‍ സംപ്രേഷണത്തിനുള്ള സര്‍ക്കാര്‍ അനുമതിക്കായി അപേക്ഷ നല്‍കിയെങ്കിലും അത് നിരസിക്കപ്പെട്ടു. പിറ്റേവര്‍ഷം വീണ്ടും പുതിയ അപേക്ഷ സമര്‍പ്പിച്ചു. സുരക്ഷാ കാരണങ്ങളാല്‍ അതും സ്വീകരിച്ചില്ല. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള വിശദമായ വിശകലനവും അന്വേഷണവും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ സംപ്രേഷണം ചെയ്യപ്പെട്ട പ്രഭാഷണങ്ങളുടെ ഉള്ളടക്കത്തെയും ശൈലിയേയും കുറിച്ചു പഠിക്കുമെന്നും നിയമവകുപ്പിന്റേതുള്പ്പെടെയുള്ളസഹകരണത്തോടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നായിഡു അറിയിച്ചു.
പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ മുഖേന സക്കീറിന്റെ ചാനല്‍ ഇന്ത്യയില്‍ ലഭ്യമാക്കിയാല്‍ അക്കാര്യം അധികൃതരെ അറിയിക്കണമെന്നു ജനങ്ങളോടു സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ടിവി പ്രേക്ഷകര്‍ നല്കുന്ന വിവരങ്ങള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ വിശകലനം ചെയ്യും. 60,000 കേബിള്‍ ഓപ്പറേറ്റര്‍മാരാണ് ഇന്ത്യയിലുള്ളത്.
നിര്‍ദേശത്തിനു വിരുദ്ധമായി അവര്‍ പ്രവര്‍ത്തിച്ചാല്‍ രാജ്യത്തിന്റെ കണ്ണും കാതുമായ ജനങ്ങള്‍ക്ക് അത് വളരെയെളുപ്പം സര്‍ക്കാരിനെ അറിയിക്കാന്‍ കഴിയും. രാജ്യത്തിനു ഭീഷണിയുയര്‍ത്തുന്ന ശൈലിയിലുള്ള സംപ്രേഷണം കേബിള്വഴിയെത്തിയാല് വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പിന്റെ ടിറ്ററിലേക്കു സന്ദേശം അയയ്ക്കാമെന്നും തുടര്‍ന്നു മന്ത്രാലയം നിയമനടപടിക്കുള്ള നിര്‍ദേശം ബന്ധപ്പെട്ട അധികാരികള്‍ക്കു നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് സന്ദേശം നല്‍കിയവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ലെന്നും മന്ത്രി ഉറപ്പുനല്‍കി. ബ്രിട്ടനും കാനഡയും ബംഗ്ലാദേശുമാണ് ഇന്ത്യയെ കൂടാതെ പീസ് ടിവി നിരോധിച്ചിരിക്കുന്ന രാജ്യങ്ങള്‍.
അതേസമയം ഇന്ന് ഇന്ത്യയി ലെത്തുമെന്നു അറിയിച്ചിരു ന്നെങ്കിലും രണ്ടാഴ്ചത്തേക്കു യാത്ര മാറ്റിവച്ചതായി സക്കീറിന്റെ വക്താവ് അറിയിച്ചെന്നു പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യയില്‍ നടക്കുന്ന ഏത് അന്വേഷണത്തോടും താന്‍ സഹകരിക്കുമെന്നും തീവ്രവാദത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പി ച്ചിട്ടില്ലെന്നും സക്കീര്‍ വ്യക്തമാക്കി.