സമകാലിക ചിത്രകലയുടെ നേര്‍ക്കാഴ്ചയായി സഞ്ചരിക്കുന്ന ചിത്രശാല പ്രദര്‍ശനം

PKD-CHITHRAKALAപാലക്കാട്: ചിത്രകലയെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ലളിതകലാ അക്കാദമി ആവിഷ്ക്കരിച്ച സഞ്ചരിക്കുന്ന ചിത്രശാലയുടെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. രണ്ടാം ഘട്ടത്തില്‍ യുവചിത്രകാരന്മാരുടെ രചനകളാണ് പ്രദര്‍ശിപ്പിക്കുക. കേരളത്തിലെ എല്ലാ ജില്ലകളിലും മഹാരാഷ്ട്ര അടക്കമുള്ള അന്യസംസ്ഥാനങ്ങളിലും പ്രദര്‍ശനം ഒരുക്കിയ സഞ്ചരിക്കുന്ന ചിത്രശാലയില്‍ ആദ്യഘട്ടത്തില്‍ പ്രദര്‍ശിപ്പിച്ചത് കേരളീയ ചിത്രകലയുടെ ചരിത്രം വ്യക്തമാക്കുന്ന കലാസൃഷ്ടികളായിരുന്നു. ജനുവരിയില്‍ ആദ്യഘട്ട സഞ്ചാരം ആരംഭിച്ച ചിത്രശാലക്ക് കലാസ്വാദകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

രണ്ടുലക്ഷത്തില്‍പരം ആളുകള്‍ ചിത്രശാലയിലൂടെ പ്രദര്‍ശനം ആസ്വദിച്ചു. ആധുനിക ആര്‍ട്ട് ഗ്യാലറിയുടെ എല്ലാ സൗകര്യങ്ങളും സഞ്ചരിക്കുന്ന ചിത്രശാലയില്‍ ഒരുക്കിയിട്ടുണ്ട്. ലളിതകലാ അക്കാദമി സംസ്ഥാന ചിത്രകലാ ക്യാമ്പുകളിലെ ചിത്രങ്ങളാണ് രണ്ടാംഘട്ട സഞ്ചരിക്കുന്ന ചിത്രശാലയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതിനു വേണ്ടി പ്രയാണം എന്ന പേരില്‍ ചിത്രകലാക്യാമ്പും സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത നാല്‍പത് കലാകാരന്മാരുടെ സൃഷ്ടികളാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്.  സഞ്ചരിക്കുന്ന ചിത്രശാലയിലെ പ്രയാണം ചിത്രപ്രദര്‍ശനം ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം ഷിബു ഉദ്ഘാടനം ചെയ്തു.

കോട്ടയം സി എം എസ് കോളേ ജിന്റെ 200-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് സി.എം.എസ് കോളേജിലാണ് ചിത്രശാലയുടെ പ്രദര്‍ശനം.  സമകാലീന ചിത്രകലാരംഗത്ത് സജീവമായി രചന നടത്തുന്ന അശാന്തന്‍, അശോക് കുമാര്‍ ഗോപാലന്‍, കെ.ആര്‍ ബാ ബു, ബിന്ദു രാജഗോപാല്‍, പി.ജി. ദിനേഷ്, കവിതാ ബാലകൃഷ്ണന്‍, നന്ദന്‍ പി.വി, പ്രദീപ്കുമാര്‍ കെ.പി, പൊന്‍മണി തോമസ്, സജിത് എ.എസ്, സാജു തുരുത്തില്‍, ശേഖര്‍ അയ്യന്തോള്‍, ശ്രീകാന്ത് നെട്ടൂര്‍, സുനില്‍ അശോകപുരം, സുനില്‍ വല്ലാര്‍പ്പാടം, സുരേഷ് കൂത്തുപറമ്പ്, സുരേഷ് മുതുകുളം, അനില്‍ കെ.വി, സന്തോഷ് മിത്ര, എം.റ്റി ജയലാല്‍, ജോഷ്. പി.എസ്, ലാല്‍, കെ. സന്തോഷ് ലാല്‍ പള്ളത്ത്, സിദ്ധാര്‍ത്ഥന്‍, ഷിജോ ജേക്കബ്, ടോം ജെ. വട്ടക്കുഴി, ആര്‍.വേണു, വില്‍ഫ്രെഡ് കെ.പി, കെ.ടി മത്തായി, ഒ. സുന്ദര്‍, മാര്‍ട്ടിന്‍ ഒ.സി, പ്രസാദ്, ടി.എസ്, പ്രവീണ്‍ ചന്ദ്രന്‍ മൂടാടി, സാജു അയ്യമ്പിളളി, പ്രിയരഞ്ജിനി, വി.എസ് മധു എന്നിവരുടെ കലാസൃഷ്ടികളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ സഞ്ചരിക്കുന്ന ചിത്രശാല പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് അക്കാദമി സെക്രട്ടറി വൈക്കം എം.കെ. ഷിബു അറിയിച്ചു.

Related posts