തൃശൂര്‍: ജില്ലയില്‍ സിപിഎം മത്സരിക്കുന്ന എട്ടു മണ്ഡലങ്ങളിലേക്കുള്ള സാധ്യതാ സ്ഥാനാര്‍ഥി പട്ടിക തയാറായി. ഇരിങ്ങാലക്കുടയിലും ചേലക്കരയിലും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയത്. ഇരിങ്ങാലക്കുടയില്‍ കലാമണ്ഡലം മുന്‍ രജിസ്ട്രാര്‍ എന്‍.ആര്. ഗ്രാമപ്രകാശിന്റെ പേരാണു നല്‍കിയിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ. രാമചന്ദ്രന്റെ പേരും ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ചേലക്കരയില്‍ ദേശമംഗലം മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.ആര്. പ്രദീപിന്റെ പേരാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ചേലക്കരയിലെ സിറ്റിംഗ് എംഎല്‍എയായ കെ. രാധാകൃഷ്ണന് മത്സരിക്കാനില്ലെന്നറിയിച്ചതിനെ തുടര്‍ന്നാണ് പ്രദീപിനെ പരിഗണിച്ചത്. കുന്നംകുളത്ത് ജി ല്ലാ സെക്രട്ടറി എ.സി .മൊയ്തീനാണ് സ്ഥാനാര്‍ഥി. മൊയ്തീന് മത്സരിക്കുന്ന സാഹചര്യത്തില്‍ കെ.രാധാകൃഷ്ണനെ ജില്ലാ സെക്രട്ടറിയാക്കാനാണു ധാരണ. മണലൂരില്‍ മുന്‍ എംഎല്‍എ മുരളി പെരുനെല്ലിക്കാണു മുന്‍തൂക്കം.
യു.പി.ജോസഫിന്റെ പേരും നല്‍കിയിട്ടുണ്ട്. ചാലക്കുടി, പുതുക്കാട്, ഗുരുവായൂര്‍ സീറ്റുകളില്‍ സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കും. വടക്കാഞ്ചേരിയില്‍ സിനിമാതാരം കെപി എസി ലളിത തന്നെയാണു സ്ഥാനാര്‍ഥി. ഇന്നലെ വൈകീട്ട് ചേര്‍ന്ന ജില്ലാസെക്രട്ടറിയേറ്റാണ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. സംസ്ഥാന കമ്മിറ്റിയാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുക.