കോട്ടയം: വാഹനപരിശോധനയില്‍ ഇന്നലെ മാത്രം കുടുങ്ങിയത് അഞ്ഞൂറോളം പേര്. “സീറോ ആക്സിഡന്റ് അവേഴ്സ്’ എന്ന പേരില്‍ ഇന്നലെ രാത്രി ഏഴു മുതല്‍ ഒന്പതുവരെ നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷന് പരിധിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് അഞ്ഞൂറോളം പേര് പിടിയിലായത്. ഇതിനു പുറമെ അലക്ഷ്യമായി ബൈക്കോടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമായി 22 യുവാക്കള്‍ക്കെതിരേ കേസെടുത്തു.
കോട്ടയം വെസ്റ്റ് സ്റ്റേഷന് അതിര്‍ത്തിയില്‍ 290 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 102പേര്‍ക്ക് പെറ്റിക്കേസെടുത്തു. ഇവരുടെ പക്കല്‍ നിന്നു പിഴ ഈടാക്കി വിട്ടയച്ചു. നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അലക്ഷ്യമായി ബൈക്കോടിച്ചതിന് നാലു യുവാക്കള്‍ക്കെതിരേയാണ് കേസെടുത്തത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായി സിഐ ടി.വി. ബേബി, എസ്ഐ എം.ജെ. അഭിലാഷ്, അഡീഷണല്‍ എസ്ഐമാരായ കെ.എം. ജോയ്, സി.ആര്. ഗണേശന്, ടി.വി. രാജന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
ഈസ്റ്റ് പോലീസ് പരിധിയില്‍ മാത്രം 93പേര്‍ക്കെതിരെ പെറ്റിക്കേസെടുത്തു. ഇതില്‍ മൂന്നു കേസ് രജിസ്റ്റര്‍ ചെയ്തു. നാഗമ്പടം, കൊശമറ്റം, താന്നിക്കല്‍പ്പടി, കടുവാക്കുളം, കഞ്ഞിക്കുഴി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഈസ്റ്റ് സിഐ നിര്‍മല്‍ബോസ്, എസ്ഐ യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. ഹെല്‍മറ്റ് വയ്ക്കാത്തവര്‍, സീറ്റ് ബല്റ്റിടാത്തവര്,വാഹനം ഓടിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവര്‍, റിവ്യു മീറ്റര്‍ ഇല്ലാതെ വാഹനമോടിച്ചവര്‍ എന്നിവരെയാണു പിടികൂടിയത്. പിടികൂടിയവരെ 100 രൂപ ഫൈന്‍ അടപ്പിച്ചാണ് വിട്ടയച്ചത്. അശ്രദ്ധമായി ബൈക്കോടിച്ച രണ്ടു പേര്‍ക്കെതിരേയും മദ്യപിച്ച് ബൈക്കോടിച്ച ഒരാള്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തു.
കുമരകത്ത് 30 ബൈക്ക് യാത്രക്കാരെ പോലീസ് പിടികൂടി. ലൈന്‍സില്ലാതെ വാഹനം ഓടിച്ചവരും ഇക്കൂട്ടത്തില്‍പ്പെടും. എസ്ഐ ആര്. രാജീവ്, അഡീഷണല്‍ എസ്ഐ വി.വി. നടേശന്, ഗ്രേഡ് എസ്ഐ മനോഹരന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോട്ടയം ട്രാഫിക് സ്റ്റേഷനില്‍ 68 പേര്‍ക്കെതിരേ പെറ്റിക്കേസെടുത്തു. വിവിധ പോലീസ് സ്റ്റേഷനുകളിലെ വാഹന പരിശോധനാ കണക്കുകള്‍: മണര്‍കാട് -ഒന്‍പത്, അയര്‍ക്കുന്നം -15, പാമ്പാടി-50, ഗന്ധിനനഗര് -25 (ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു), ഏറ്റുമാനൂര്‍ -41 ( നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു), ചിങ്ങവനം-10.