കൊച്ചി: തന്റെ നടനത്തെ ദൈവീകത, ഗുരുത്വം, സ്നേഹം, സമര്‍പ്പണം എന്നൊക്കെ വിളിക്കാനാണ് തനിക്കിഷ്ടമെന്ന് മോഹന്‍ലാല്‍. തന്റെ നടനത്തില്‍ മാന്ത്രികത ഇല്ല. അതൊരു ട്രിക്കാണ്. ട്രിക്ക് മനസിലായാല്‍ അത് മാജിക് അല്ലാതാകും. മോഹന്‍ലാലിനെക്കുറിച്ചുള്ള ഓര്‍മകളുടെ സമാഹരമായ നടനവിസ്മയം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കാമറയ്ക്കു മുന്നിലെത്തുമ്പോള്‍ ലാല്‍ തീര്‍ത്തും വ്യത്യസ്തനായി മാറുന്നതിനെക്കുറിച്ചും നടനവൈഭവത്തെ ക്കുറിച്ചും ചടങ്ങില്‍ പ്രസംഗിച്ചവര്‍ നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മോഹന്‍ലാലിന്റെ ഈ വിശദീകരണം. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ സുദീര്‍ഘമായി ലാലുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ തീര്‍ത്തും ഹൃസ്വമായിരുന്നു മോഹന്‍ലാലിന്റെ പ്രസംഗം.
അഭിനയ ജീവിതത്തില്‍ പിന്നിട്ട 38 വര്‍ഷങ്ങളില്‍ ഒപ്പം നിന്നവരും കൈപിടിച്ചു നടത്തിയവരും പ്രചോദനമായി നിന്നവരുമായ 37 പേരുടെ മോഹന്‍ലാലിനെക്കുറിച്ചുള്ള ഓര്‍മകളാണു നടനവിസ്മയം എന്ന പുസ്തകം. കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരളശബ്ദം മാനേജിംഗ് എഡിറ്റര്‍ ഡോ. ബി.എ. രാജാകൃഷ്ണന്, സംവിധായകന്മാരായ ജോഷി, ഫാസില്‍, അശോക് കുമാര്‍, നടന്മാരായ മനോജ് കെ. ജയന്, ബാല എന്നിവര്‍ ചേര്‍ന്നു പുസ്തകം പ്രകാശനം ചെയ്തു.
സംവിധായകന് ബി. ഉണ്ണികൃഷ്ണന് പുസ്തകം പരിചയപ്പെടുത്തി. കാമറയ്ക്കു മുന്നിലെത്തുമ്പോള്‍ ലാല്‍ അല്ലാതാകുന്ന വിസ്മയത്തേക്കുറിച്ചാണു പുസ്തകത്തില്‍ അധികം പേരും പങ്കുവയ്ക്കുന്നതെന്നു ഗ്രന്ഥകാരനായ കെ. സുരേഷ് പറഞ്ഞു. മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ സംവിധായകന് അശോക് കുമാര്‍, ഡോ. ബി.എ. രാജാകൃഷ്ണന്, സംവിധായകരായ ഫാസില്‍, മേജര്‍ രവി, തമ്പി കണ്ണന്താനം, ഷാജി കൈലാസ്, രഞ്ജിത് ശങ്കര്‍, അനില്‍ രാധാകൃഷ്ണന്, തിരക്കഥാകൃത്തുക്കളായ എസ്.എന്‍. സ്വാമി, എ.കെ. സാജന്, പി. ബാലചന്ദ്രന്, നടന്മാരായ സിദിഖ്, ബാല, വിനുമോഹന്‍, സാദിഖ്, ശ്വേതാമേനോന്, മല്ലിക സുകുമാരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.