കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ പൊട്ടിത്തെറിക്കു വഴിയൊരുക്കിയേക്കാവുന്ന വെളിപ്പെടുത്തലുകളുമായി വിനയ് സീതാപതി എഴുതിയ പുസ്തകം. മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു സോണിയ ഗാന്ധിയുടെ നീക്കങ്ങളെ ഭയന്നിരുന്നുവെന്നും അവരെ നിരീക്ഷിക്കാന്‍ ചാരന്മാരെ നിയോഗിച്ചെന്നും പുസ്തകത്തില്‍ പറയുന്നു. പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഹാഫ് ലയണ്‍: ഹൗ പി. വി. നരസിംഹ റാവു ട്രാന്‍സ്‌ഫോംഡ് ഇന്ത്യ എന്ന പുസ്തകം 27ന് പുറത്തിറങ്ങും.
ഉത്തര്‍പ്രദേശിലെ തര്‍ക്കമന്ദിരത്തിന്റെ തകര്‍ച്ചയ്ക്കുശേഷമാണ് റാവുവിന്റെ മനംമാറ്റം തുടങ്ങിയിരുന്നതെന്നു പറയുന്ന പുസ്തകത്തിലെ പ്രസക്തഭാഗങ്ങള്‍: സോണിയ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എത്തിയാല്‍ തന്റെ പ്രധാനമന്ത്രി പദം സുരക്ഷിതമാകില്ലെന്ന് റാവു കരുതി. സോണിയയോട് കൂറു പുലര്‍ത്തുന്ന മന്ത്രിമാരുടെ നീക്കങ്ങള്‍ പരിശോധിക്കാന്‍ അദ്ദേഹം ഇന്റലിജന്‍സിന് നിര്‍ദേശം നല്കി. ഓരോ മന്ത്രിമാരുടെയും ചെറുചലനങ്ങള്‍ പോലും റാവു അറിഞ്ഞിരുന്നു. പ്രവര്‍ത്തകരുടെ നിര്‍ബന്ധപ്രകാരം സോണിയ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വരാന്‍ തീരുമാനിച്ചതോടെ റാവുവിന്റെ സമനില തെറ്റിയത്രേ. എന്നാല്‍, തന്ത്രപൂര്‍വ്വമായിരുന്നു റാവുവിന്റെ നീക്കങ്ങള്‍. പരസ്യമായി സോണിയയെ വിമര്‍ശിക്കാതെയായിരുന്നു അദ്ദേഹം മുന്നോട്ടുനീങ്ങിയത്.
ഇന്റലിജന്‍സ് ബ്യൂറോയെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എത്തിക്കാന്‍ പറ്റിയ വിശ്വസ്തരെ കണ്ടെത്താനും റാവു ശ്രമിച്ചിരുന്നു. ഇപ്പോള്‍ എന്‍സിപി പ്രസിഡന്റായ ശരദ് പവാറായിരുന്നു അന്ന് ലിസ്റ്റില്‍ ഒന്നാമന്‍. ജാതി, പ്രായം, സംസ്ഥാനം, കൂറ് എന്നിവയൊക്കെ അടങ്ങിയ ലിസ്റ്റും റാവുവിന് ലഭിച്ചിരുന്നത്. തന്നെ എതിര്‍ക്കുന്നവരെ തിരിച്ചറിയാനായിരുന്നു ഈ ലിസ്റ്റെന്നും പുസ്തകത്തില്‍ പറയുന്നു.