വി.എസ്. രതീഷ്
ആലപ്പുഴ: വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കേ സ്കൂള്‍ യൂണിഫോമുകള്‍ തയ്പിക്കാനായി രക്ഷകര്‍ത്താക്കള്‍ തയ്യല്‍ക്കാരെ തിരക്കി നെട്ടോട്ടമോടുന്നു. തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ലക്ഷങ്ങളാണെങ്കിലും തുണി തയ്ക്കുന്നതിന് നല്ല തയ്യല്‍ക്കാര്‍ക്ക് ഇന്നും വലിയ ഡിമാന്റാണുള്ളത്. പുതുതലമുറ ഈ മേഖലയിലേക്ക് കടന്നുവരാന്‍ തയാറാകാത്തതാണ് മികച്ച തയ്യല്‍ക്കാര്‍ ഇല്ലാതാകുന്നതിന് കാരണമെന്നാണ് പരമ്പരാഗതമായി ഈ തൊഴിലിലേര്‍പ്പെടുന്നവര്‍ പറയുന്നത്.
ഷര്‍ട്ട് തയ്ക്കുന്നതിന് 225 ഉം പാന്റ് തയ്ക്കുന്നതിന് 350 രൂപയുമാണ് നിലവിലെ തയ്യല്‍ കൂലി. കടകളിലിരുന്ന് തയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെ തുണികള്‍ വീടുകളില്‍ എത്തിച്ച് നല്കി തയ്പ്പിച്ച് തിരികെ കടകളിലെത്തിച്ച് തേച്ച് ഉപഭോക്താക്കള്‍ക്ക് നല്കുന്ന രീതിയാണ് ഇപ്പോള്‍ തയ്യല്‍ മേഖലയിലുള്ളത്. നഗരങ്ങളില്‍പോലും വിരലിലെണ്ണാവുന്ന കടകളില്‍ മാത്രമാണ് തയ്യല്‍ ജോലികള്‍ പൂര്‍ണമായും നിര്‍വഹിക്കുന്നത്. പുറത്ത് ഷര്‍ട്ട് തയ്പിക്കുമ്പോള്‍ തയ്ക്കുന്നതിന് 75 രൂപയും ബട്ടണ്‍ ഹോളിടുന്നതിന് 15 രൂപയും തയ്യല്‍ സാധനങ്ങള്‍ വാങ്ങുന്നതിന് 30 രൂപയുമാകും.
ഇതൂകൂടാതെ കറണ്ട് ചാര്‍ജും കൂടി നോക്കുമ്പോള്‍ ഒരു ഷര്‍ട്ട് തയ്ച്ചാല്‍ ലഭിക്കുന്നത് 90 രൂപ മാത്രമാണ്. പാന്റിന്റെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. തുണികള്‍ തയ്ക്കുന്നതിനായി വാഹനങ്ങളില്‍ വീടുകളിലെത്തിക്കുന്ന ചിലവുകൂടി നോക്കിയാല്‍ വീണ്ടും ചിലവ് വര്‍ധിക്കും. മുന്‍കാലങ്ങളില്‍ നിരവധി യുവജനങ്ങള്‍ ഈ തൊഴില്‍ മേഖലയിലേക്ക് കടന്നുവന്നിരുന്നുവെങ്കില്‍ ഇന്ന് നാമമാത്രമായ ആള്‍ക്കാര്‍ മാത്രമാണ് തയ്യല്‍ തൊഴില്‍ സ്വീകരിക്കുന്നത്.
രാവിലെ എട്ടിന് ആരംഭിക്കുന്ന ജോലി രാത്രി വൈകി അവസാനിക്കുമ്പോഴും പൊതുമരാമത്ത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളിക്കു ലഭിക്കുന്ന കൂലി പോലും കൂട്ടിനോക്കിയാല്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ആലപ്പുഴ കളക്ടറേറ്റിന് സമീപത്തെ ന്യൂവോള്‍ഗ ടെയിലറിംഗ് ഷോപ്പിന്റെ ഉടമ ആന്റണി പറയുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ തയ്യല്‍ മേഖലയില്‍ കടന്നുവന്നതോടെ ജോലിയുടെ ആയാസത്തിന് കുറവുണ്ടായെങ്കിലും പുതുതലമുറ ഈമേഖലയിലേക്ക് കടന്നുവരാന്‍ മടിക്കുന്നതുമൂലം തയ്യല്‍ കടകള്‍ നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുകയാണ്.