സ്ഥലമിടപാടിലെ സാക്ഷിയെ പോലീസ് പീഡിപ്പിച്ചെന്ന്

policeവടകര: ഭൂമി ഇടപാടില്‍ സാക്ഷിയായ മധ്യവയസ്കനെ പോലീസ് അന്യായമായി തടങ്കലിലിട്ടു പീഡിപ്പിച്ചതായി പരാതി. വില്യാപ്പള്ളി ചാലില്‍ രാജനെയാണ് (65) വടകര പോലീസ് സ്‌റ്റേഷനില്‍ തടങ്കലില്‍ വച്ചതെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുമന കിഴക്കയില്‍ ഗോപാലന്‍ തന്റെ പേരിലുള്ള 25 സെന്റ് സ്ഥലം നാലുമാസംമുമ്പ് നിശ്ചിത തുകയ്ക്കു സഹോദരി ജാനുവിനു നല്‍കിയിരുന്നു. ഇതിന്റെ രജിസ്‌ട്രേഷന്‍ പൊന്മേരി സബ് റജിസ്ട്രാര്‍ ഓഫീസില്‍ നടന്നപ്പോള്‍  ചാലില്‍ രാജന്‍, ചേണിയംകണ്ടിയില്‍ ശ്രീജേഷ് എന്നിവരായിരുന്നു സാക്ഷിപട്ടികയില്‍ ഒപ്പിട്ടത്.

ഇതില്‍ രാജനെയാണ് പോലീസ് അന്യായമായി തടങ്കലില്‍ വെച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. നിയമപ്രകാരം 18.6 ലക്ഷം രൂപ നല്‍കിയാണ് സ്ഥലം ജാനു വിലക്ക് വാങ്ങിയത്. ഇടപാട് കഴിഞ്ഞ് നാലു മാസത്തിന് ശേഷം ഗോപാലന്റെ മക്കള്‍ സ്ഥലം ഗുണ്ടകളെ ഉപയോഗിച്ച് തിരിച്ചു വാങ്ങാന്‍ ശ്രമിച്ചതായും ഇതു നടക്കാതെ വന്നപ്പോള്‍ പോലീസിനെ സ്വാധീനിച്ച് സാക്ഷികളെ പീഢിപ്പിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഭീഷണിയിലൂടെ സ്ഥലം കയ്യടക്കാന്‍ കഴിയാതായപ്പോള്‍ ഗോപാലന്റെ മക്കള്‍ വടകര കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.

ഇതിനിടെയാണ് സാക്ഷികളെ പോലീസ് വീട്ടിലും ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും കയറി ഭീഷണിപ്പെടുത്തുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സാക്ഷികളിലൊരാളായ വില്യാപ്പള്ളി ചേണിയാകണ്ടിയിലെ ശ്രീജേഷ് ആണെന്ന് തെറ്റിദ്ധരിച്ച് ഇയാളുടെ സഹോദരനെ പോലീസ് പിടികൂടിയെങ്കിലും അബദ്ധം മനസിലാക്കി വഴിയില്‍ ഉപേക്ഷിച്ച സംഭവവുമുണ്ടായി. പോലീസ് നടപടി സംബന്ധിച്ച് മുഖ്യമന്ത്രി, റൂറല്‍ എസ്പി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായും സാക്ഷികളെ മാനസികമായി പീഡിപ്പിച്ച് ആധാരം മാറ്റി രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമത്തെ നിയമപരമായി നേരിടുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ജാനുവിന്റെ മക്കളായ സഹജന്‍ കിഴക്കയില്‍, വിനോദന്‍, മരുമകന്‍ ഷാജി, സാക്ഷി ശ്രീജേഷ് ചേണിയാംകണ്ടി എന്നിവര്‍ പങ്കെടുത്തു. അതേസമയം കള്ളരേഖ ചമച്ചതു സംബന്ധിച്ച് പോലീസില്‍ ലഭിച്ച പരാതി അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്ന് വടകര പോലീസ് വ്യക്തമാക്കി.

Related posts