വൈപ്പിന്‍ : വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കെ നേതൃത്വത്തില്‍ നിന്നുള്ള ചില സൂചനകള്‍ വെച്ച് കോണ്‍ഗ്രസ് നേതാക്കളായ മുന്‍ എം പി കെ.പി. ധനപാലനും കെപിസിസി നിര്‍വ്വാഹക സമിതിയംഗം കെ.ആര്.സുഭാഷും ഉറച്ച പ്രതീക്ഷയോടെ മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇതുവരെ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടായിരുന്ന മറ്റുപലരുടേയും സാധ്യതകള്‍ മങ്ങിയതും ഇവരെ കൂടുതല്‍ സജീവമാക്കിയിരിക്കുകയാണെന്ന് ചില ജില്ലാനേതാക്കള്‍ പറയുന്നു.
കെ.പി. ധനപാലന് ഏറെ നാളത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞദിവസം പള്ളിപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിന്റെ അസഹിഷ്ണുതക്കെതിരെ സംഘടിപ്പിച്ച ജനകീയ സഭ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മണ്ഡലത്തില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുള്ളത്. മുന്‍ ജില്ലാപഞ്ചായത്തംഗമായിരുന്ന സുഭാഷാകട്ടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ തുടര്‍ച്ചയെന്നോണം പഞ്ചായത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും മണ്ഡലത്തില്‍ ഇപ്പോഴും സജീവമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഉന്നംവെച്ച് മണ്ഡലത്തിലെ മത അധ്യക്ഷന്മാരെയും മറ്റു സാമുദായിക സംഘടകനകളേയും പൗരപ്രമുഖരേയും നേരില്‍ കണ്ട് പരിചയങ്ങള്‍ പുതുക്കുകയും സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച ചില സൂചനകള്‍ നല്‍കുകയും ചെയ്തു കഴിഞ്ഞതായാണ് അറിവ്.