സ്ഥാനാര്‍ഥിയുടെ പരാജയം: കോണ്‍ഗ്രസില്‍ ചേരിതിരിവ് രൂക്ഷം

knr-congressചേര്‍ത്തല: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പരാജയത്തെ തുടര്‍ന്നു കോണ്‍ഗ്രസില്‍ ചേരിതിരിവ് രൂക്ഷമായി.  കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ചേരിതിരിഞ്ഞു ഗുരുതര ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരാതികളുമായി രംഗത്തെത്തി. കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ കാലുവാരലാണു പരാജയ കാരണമെന്ന് ആരോപിച്ചു ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കഴിഞ്ഞദിവസം പരസ്യമായി രംഗത്തുവരുകയും ചെയ്തു. ഇതുസംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. വിമല്‍ കെപിസിസിക്കു പരാതി നല്‍കുമെന്നു അറിയിച്ചു.

ഇതോടെ ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വം പരസ്യനിലപാടുമായി രംഗത്തെത്തുകായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണ സാമഗ്രികളുടെ അച്ചടിയില്‍ അഴിമതി നടന്നതായും ലക്ഷങ്ങള്‍ കൈക്കലാക്കിയതായും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സി.വി. തോമസ് പ്രസ്താവനയില്‍ ആരോപിച്ചു. ബ്ലോക്ക് കമ്മിറ്റിക്കെതിരെ സത്യവിരുദ്ധമായ പ്രസ്താവനയിറക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിനും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റിനും കത്ത് നല്‍കിയതായി സി.വി. തോമസ് അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് ഒഴികെയുള്ള എല്ലാ സംഘടനകളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. എഐസിസി നിരീക്ഷകന്‍ മൂന്നുതവണ ആവശ്യപ്പെട്ടിട്ടും യൂത്ത് കോണ്‍ഗ്രസ് യോഗംപോലും വിളിച്ചു ചേര്‍ത്തില്ലെന്നും നേരത്തെയും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയതെന്നും സി.വി. തോമസ് പറഞ്ഞു. നൂറുകണക്കിനു പുതിയ വോട്ടര്‍മാരെ പുതുതായി ചേര്‍ത്തത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ചവെച്ചതിന്റെ ഫലമായാണ് വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാനായതെന്നും സി.വി. തോമസ് വ്യക്തമാക്കി.

Related posts