അന്തിക്കാട്: സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ ഹോംനഴ്‌സും സ്വര്‍ണപ്പണിക്കാരനായ കാമുകനും പോലീസ് പിടിയില്‍. പുത്തന്‍പീടിക വള്ളൂര്‍ സ്വദേശിനി വാലത്ത് പ്രമീള (30), തളിക്കുളം സ്വദേശി ചിറ്റിലേടത്ത് വീട്ടില്‍ ബിജിഷ് (29) എന്നിവരെയാണ് അന്തിക്കാട് എസ്‌ഐ ഇ.ആര്‍. ബൈജു, എഎസ്‌ഐ വിന്‍സെന്റ് ഇഗ്നേഷ്യസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. മൂന്നരപവന്‍ സ്വര്‍ണമുള്‍പ്പെടെ ആറു പവന്‍ പോലീസ് ഇവരില്‍നിന്ന് കണ്ടെത്തി. പോലീസ് പറയുന്നതിങ്ങനെ:
അന്തിക്കാട് മാങ്ങാട്ടുകര ആലുക്കല്‍ ബിനീഷിന്റെ അമ്മയെ പരിചരിക്കാന്‍ ഈമാസം ആദ്യവാരത്തിലാണ് പ്രതി പ്രമീള ഹോംനഴ്‌സായി വന്നത്. ബിനീഷ് കുടുംബസമേതം ഗുരുവായൂരില്‍ പോയി തിരിച്ചുവന്നപ്പോള്‍ വീട്ടില്‍ അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാലയും 13,000 രൂപയും കളവുപോയതായി ബിനീഷ് കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഹോം നഴ്‌സ് പ്രമീളയെ ചോദ്യം ചെയ്തുവെങ്കിലും കളവ് നടന്ന ദിവസം അവധിയിലായിരുന്നുവെന്നാണ് പ്രമീള പോലീസിനോട് പറഞ്ഞു.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രമീളതന്നെയാണെന്ന് സംശയിക്കാനിടയായത്. പോലീസ് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ഇക്കാലമത്രയും ബിനീഷിന്റെ വീട്ടില്‍നിന്ന് കളവ് നടത്തിയെന്ന് പ്രതി പ്രമീള പോലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രതിയുടെ മൊഴിപ്രകാരമാണ് കൂട്ടുപ്രതിയും കാമുകനുമായ തളിക്കുളം തമ്പാന്‍കടവിലെ ബിജീഷിനെ ചേര്‍പ്പില്‍നിന്ന് പോലീസ് അറസ്റ്റു ചെയ്തത്.
കൂട്ടുപ്രതിയായ ബിജീഷ് പൂച്ചിന്നിപ്പാടത്തെ ഒരു സേഠിന് കവര്‍ന്ന ആഭരണങ്ങള്‍ 45,000 രൂപയ്ക്ക് വില്പന നടത്തിയെന്ന് പോലീസിനോട് കുറ്റസമ്മതം നടത്തി. പ്രതി പ്രമീള അയ്യന്തോള്‍, മനക്കൊടി, അന്തിക്കാട് എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ ഹോംനഴ്‌സായി ജോലി ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. പ്രതികളായ ഇരുവരേയും തൃശൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. സമാനമായ തട്ടിപ്പുകള്‍ പ്രമീള ജോലിക്കു നിന്ന വീടുകളില്‍ നടത്തിയിട്ടുണ്ടെങ്കില്‍ 9497980522 എന്ന മൊബൈല്‍ നമ്പറില്‍ അറിയിക്കണമെന്ന് അന്തിക്കാട് എസ്‌ഐ അറിയിച്ചു.