തിരുവല്ല: ഹൃദയത്തിനു മാരകമായ കുത്തേറ്റ നിലയില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച രോഗി സങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിച്ചു വരുന്നു. അടൂര്‍ മേലൂട്ട് ശരത്ത് ഭവനില്‍ ശരത്ത് ഉണ്ണിത്താനാ(24)ണ് കത്തിക്കുത്തേറ്റ് തീര്‍ത്തും അവശനിലയില്‍ പുഷ്പഗിരിയില്‍ എത്തിയത്. പുഷ്പഗിരി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെയും ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിന്റെയും അടിയന്തരവും സംയോജിതവും വിദഗ്ധവുമായ ഇടപെടല്‍മൂലം രക്ഷപ്പെട്ട ശരത്തിന് ഇതു രണ്ടാം ജന്മമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കത്തിക്കുത്തുമൂലം നെഞ്ചിന്‍കൂട് തകര്‍ത്ത് ഹൃദയത്തിന്റെ വലത്തെ ഭിത്തി തുളഞ്ഞ് രക്തം വാര്‍ന്നും പ്രധാന ധമനികളില്‍ ഒന്ന് പൂര്‍ണമായും കീറിപ്പോയും ശരത്തിനെ അപകടകരമാംവിധം രക്തസമ്മര്‍ദം താഴ്ന്ന നിലയിലാണ് പുഷ്പഗിരിയിലെത്തിച്ചത്. എമര്‍ജന്‍സി മെഡിസിന് ഡിപ്പാര്‍ട്ട്മെന്റ് തലവനും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. സുരേഷ് എസ്. ഡേവിഡിന്റെ നേതൃത്വത്തില്‍ അടിയന്തര സ്റ്റേര്ണോട്ടമി വഴി നെഞ്ച് തുറന്നു.
തുടര്‍ന്നു ഹൃദയശസ്ത്രക്രിയ വിദഗ്ധരായ ഡോ. റോയ് ജോണ്‍ കൊരുള, ഡോ. രവികൃഷ്ണന്‍, ഡോ. അരുണ്‍, ഡോ. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തി കട്ടപിടിച്ച രക്തം നീക്കുകയും ഹൃദയ ഭിത്തികളും ധമനികളും തയ്ച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കുകയും ചെയ്യുകയായിരുന്നെന്ന് ഫാ. റിജോ പുത്തന്‍പറമ്പില്‍ അറിയിച്ചു.