കൊച്ചി: ലളിതകലാ അക്കാഡമി പുരസ്കാരങ്ങളുടെ തുകയും എണ്ണവും കൂട്ടുന്നതിന് സര്‍ക്കാര്‍ അനുകൂലമാണെന്ന് സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്. ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ അന്നുതന്നെ പരിഹാരം കാണാമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കുന്നതിനാല് ഇനി തീരുമാനം വൈകുമെന്ന് അദ്ദേഹം വ്യക്തമാക്കി. എറണാകുളം ദര്‍ബാര്‍ ഹാള്‍ അങ്കണത്തില്‍ 45-ാമത് ലളിതകലാ അക്കാഡമി പുരസ്കാരങ്ങള്‍ സമ്മാനിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് വലിയ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കിയത്. ഇക്കാലയളവില്‍ കലാകാരന്മാരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിലും ഗണ്യമായ മാറ്റമുണ്ടായി. വഴിയോര ശില്പങ്ങള് എന്നത് സാംസ്കാരിക വകുപ്പിന്റെ വലിയൊരു സ്വപ്നമായിരുന്നു. ഇത്തരം ആകര്‍ഷണീയമായ ചില പദ്ധതികള്‍ അതിനാല്‍ പാതിവഴിയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അക്കാഡമി ചെയര്മാന് കാട്ടൂര്‍ നാരാണയപിള്ള അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംഎല്‍എ, വൈക്കം എം.കെ. ഷിബു, പി.എന്‍. കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.