മിലാന്: റയല്‍ മാഡ്രിഡ് ഒരിക്കല്‍ക്കൂടി അത്ലറ്റികോ മാഡ്രിഡിനെ ക്രൂരമായി കരയിച്ചു. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലിലെ തോല്‍വിയോടെ രണ്ടാം തവണയും അത്ലറ്റിക്കോ നഗരവാസികളായ റയലിനു കിരീടം അടിയറവു വച്ചു.ഇതൊരിക്കലല്ല രണ്ടു തവണയല്ല, മൂന്നു പ്രവാശ്യമാണ് അത്ലറ്റിക്കോ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെടുന്നത്. മിലാനിലും അത്ലറ്റിക്കോ താരങ്ങളും സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ അത്ലറ്റിക്കോ ആരാധകരും കണ്ണീര് വീഴ്ത്തിക്കൊണ്ടാണ് സാന്‍ സിറോ വിട്ടത്. യൂറോപ്യന്‍ കപ്പിന്റെ ഫൈനലില്‍ അത്ലറ്റിക്കോയെ ദുരന്തം വിടാതെ പിന്തുടരുകയാണ്. ഈ തോല്‍വിയിലും ഏറ്റവും പ്രശംസിക്കേണ്ടത് അത്ലറ്റിക്കോയുടെ ആരാധകരെയാണ്. അവരുടെ പ്രിയ ടീം തോല്‍ക്കുന്നത് കണ്ട കണ്ണുനീരണിയുകയല്ലാതെ ആരെയും കുറ്റപ്പെടുത്തിയില്ല. അടുത്ത സീസണില്‍ കാണാമെന്ന പ്രതീക്ഷയില്‍ ആരാധകര്‍ കളം വിട്ടു. മൂന്നു തവണയും അധികസമയത്തായിരുന്നു അത്ലറ്റിക്കോയുടെ തോല്‍വി.
2014ല്‍ ലിസ്ബണില്‍ നടന്ന ഫൈനലില്‍ മാഡ്രിഡ് ടീമുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം റയലിനൊപ്പമായിരുന്നു. ഈ ഫൈനലിനു മുമ്പ് കഴിഞ്ഞ പത്ത് കളിയില്‍ റയല്‍ മാഡ്രിഡിന് ഒരു പ്രാവശ്യം മാത്രമേ അത്ലറ്റിക്കോയ്ക്കെതിരെ ജയം നേടാനായിട്ടുള്ളു. മികച്ച രീതിയില്‍ ഒരുങ്ങിയാണ് ഡിയേഗോ സിമിയോണിയുടെ ടീം നഗരവാസികളെ നേരിടാന്‍ എത്തിയത്. 2014ലെ നഷ്ടം അത്രയേറെ അത്ലറ്റിക്കോയെ വിഷമിപ്പിച്ചിരുന്നു. ലിസ്ബണിലെ ഫൈനലില്‍ ലീഡ് നേടിയശേഷം തോല്‍വി വഴങ്ങുകയായിരുന്നു.
1974ല്‍ അത്ലറ്റിക്കോ, യൂറോപ്യന്‍ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ബയേണ്‍ മ്യൂണിക്കായിരുന്നു എതിരാളികള്‍. അന്ന് ബ്രസല്‍സില്‍ നടന്ന ഫൈനലില്‍ മത്സരം അധിക സമയത്തേക്കു കടന്നു. അധികസമയത്ത് 114-ാം മിനിറ്റില്‍ ലൂയിസ് അരാഗൊനെസിന്റെ ഗോളില്‍ അത്ലറ്റിക്കോ മുന്നില്‍. മത്സരം അത്ലറ്റിക്കോ ജയിച്ചു എന്നു തോന്നിച്ച അവസരത്തില്‍ അതാ ബയേണ്‍ ഹാന്‍സ്-ജോര്‍ജ് ഷ്വാസന്ബക് 120-ാം മിനിറ്റില്‍ അത്ലറ്റിക്കോയുടെ വല കുലുക്കി. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ട് ഇല്ലായിരുന്നു. റിപ്ലേ മത്സരത്തില്‍ ബയേണ്‍ എതിരില്ലാത്ത നാലു ഗോളിന് അത്ലറ്റിക്കോയെ തകര്‍ത്തു.
പിന്നീട് നാല്പതു വര്‍ഷങ്ങള്‍ക്കുശേഷം ലിസ്ബണില്‍ നടന്ന ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ സംഭവിച്ചതും ഇതുതന്നെ. ഡിയോഗോ ഗോഡിന്റെ ഗോളില്‍ അത്ലറ്റിക്കോ 36ാം മിനിറ്റില്‍ മുന്നിലെത്തി. എന്നാല്‍, ആ ഗോളില്‍ അത്ലറ്റിക്കോ ജയം ഉറപ്പിച്ചെന്നു തോന്നിച്ചു. കളി ഇഞ്ചുറി ടൈമിലേക്കു കടന്നു. ഇഞ്ചുറി ടൈമില്‍ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. 90+3ാം മിനിറ്റില്‍ സെര്‍ജിയോ റാമോസ് റയലിനു സമനില നല്കി. ഇതോടെ മത്സരം അധികസമയത്തേക്കു നീങ്ങി. അധിക സമയത്ത് റയല്‍ മൂന്നു ഗോളുകൂടിയടിച്ച് അത്ലറ്റിക്കോയെ തകര്‍ത്തു തരിപ്പണമാക്കി. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി മാറിയെങ്കിലും എതിരാളികള്‍ മാറിയില്ല. റയല്‍ മാഡ്രിഡിന്റെ പരിശീലകനായി സിനദിന്‍ സിദാന് വന്നു അത്ലറ്റിക്കോയ്ക്ക് സിമിയോണി തന്നെ. വിധി മറിച്ചായില്ല. അത്ലറ്റിക്കോയ്ക്കു തോല്‍വി തന്നെ.