അധികാരത്തിലേറിയാല്‍ കാര്‍ഷികമേഖലയിലെ ഉത്പാദനവര്‍ധനയ്ക്ക് നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് പിണറായി വിജയന്‍

pkd-pinaraiവടക്കഞ്ചേരി: കാര്‍ഷികമേഖലയിലെ ഉത്പാദനവര്‍ധനയ്ക്ക് നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കണമെന്നും ഇതിനുള്ള നടപടികളാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കുകയെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഇടതുമുന്നണിയുടെ വടക്കഞ്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികമേഖലയിലെ സാങ്കേതികവിദ്യകള്‍ കാലാനുസൃതമായി മാറണം. ഇതില്ലാത്തതിനാലാണ് മറ്റിടങ്ങളില്‍ ഉത്പാദനക്ഷമത കൂടുമ്പോഴും ഇവിടെ അതുണ്ടാകാത്തത്.

ഉത്പാദനവര്‍ധനയ്‌ക്കൊപ്പം ഉത്പന്നത്തിന് വിപണിയും ന്യായമായ വിലയും ഉറപ്പുവരുത്തണം. കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദന ചെലവിന് അനുസരിച്ചുവേണം അതിന്റെ വില നിശ്ചയിക്കാന്‍. പ്രഖ്യാപിത വിലയേക്കാള്‍ പിന്നേയും വില താഴുന്ന സ്ഥിതിവന്നാല്‍ ഉത്പന്നം സംഭരിച്ച് അപ്പപ്പോള്‍ തന്നെ അതിന്റെ വില കര്‍ഷകര്‍ക്ക് ലഭ്യമാക്കാനും ഇടതുമുന്നണി നടപടി സ്വീകരിക്കും.50,000 ഹെക്ടര്‍ സ്ഥലത്താണ് പച്ചക്കറി കൃഷി ലക്ഷ്യംവയ്ക്കുന്നത്. ഇത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം പച്ചക്കറിയില്‍ സ്വയംപര്യാപ്തതയും പച്ചക്കറി കയറ്റുമതിക്കുള്ള സാധ്യതകളുമുണ്ടാകും.

വലിയ തകര്‍ച്ചയാണ് കാര്‍ഷികരംഗത്ത് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് യുഡിഎഫ് വരുമ്പോഴെല്ലാം ഇതാണു സ്ഥിതിയെന്നു പിണറായി ആരോപിച്ചു. 2001-ലും 2011-ലും യുഡിഎഫ് ഭരണം കര്‍ഷകര്‍ക്ക് ദ്രോഹം മാത്രമാണ് ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ ഇടതുമുന്നണി അധികാരത്തിലെത്തുമ്പോഴെല്ലാം കര്‍ഷകരിലാകെ ഉണര്‍വും ആത്മവിശ്വാസവും വര്‍ധിക്കുന്നത് കാണാനാകും. കടം എഴുതിതള്ളല്‍, കാര്‍ഷിക കടാശ്വാസനിയമം തുടങ്ങിയവയിലൂടെ കര്‍ഷകരെ സ്‌നേഹിക്കുന്ന മനസ് എപ്പോഴും എല്‍ഡിഎഫിനുണ്ട്.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഇലക്ട്രോണിക്‌സ് മേഖലയും സമ്പുഷ്ടമാകണം. യോഗ്യതയുള്ളവരുണ്ടെങ്കിലും തൊഴില്‍ സ്ഥാപനങ്ങളില്ല. മാലിന്യമുക്ത കേരളത്തിലൂടെ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പിണറായി പറഞ്ഞു.എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ അഞ്ചുവര്‍ഷംകൊണ്ട് 25 ലക്ഷം തൊഴിലവസരമുണ്ടാക്കുമെന്നും പിണറായി വിശദീകരിച്ചു.ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പറയാനാണ് കൂടുതല്‍  സമയമെടുത്തത്.

ടൗണില്‍ ടി.ആര്‍.മില്‍ ജംഗ്ഷനില്‍ നടന്ന പൊതുയോഗത്തില്‍ കെ.ഇ.ഹനീഫ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍, സി.കെ.ചാമുണ്ണി, എ.ചാമുണ്ണി, ടി.കണ്ണന്‍, പി.ഗംഗാധരന്‍, അനിത പോള്‍സണ്‍, കെ.പി.രാമകൃഷ്ണന്‍, സ്ഥാനാര്‍ഥി എ.കെ.ബാലന്‍, വി.രാധാകൃഷ്ണന്‍, എസ്.രാധാകൃഷ്ണന്‍, സി.തമ്പു, കെ.ഗോവിന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts