കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിലെ അണ്ടിച്ചിറയില് അനധികൃത മദ്യ വില്പന പൊടിപൊടിക്കുന്നു. മദ്യകുപ്പികള്‍ക്ക് പാമ്പിന് കുഞ്ഞുങ്ങള്‍ കാവല്‍. തിരുമാറാടി പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ അണ്ടിച്ചിറ ഉണ്ണിമിശിഹാ കപ്പേളയ്ക്ക് സമീപമാണ് സംഭവം. പുറമ്പോക്ക് ഭൂമിയില്‍ മദ്യ വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്ന മദ്യകുപ്പികള്‍ക്ക് ഒപ്പം രണ്ട് പാമ്പിന് കുഞ്ഞുങ്ങളെ നടു തളര്‍ത്തിയ നിലയില്‍ കണ്ടെത്തി. ആഴ്ചകള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്തു നിന്നു തന്നെ മേഖലയിലെ മദ്യ വിരുദ്ധ സമിതി അംഗങ്ങള്‍ 27 കുപ്പി മദ്യം കണ്ടെടുത്തിരുന്നു. തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധനകള്‍ നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല.
മേഖലയില്‍ അനധികൃത മദ്യവില്പന വര്‍ധിച്ചുവരുന്നതായി പരാതി ഉണ്ടെങ്കിലും ഇതുവരെ ആരെയും പിടികൂടാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനെതിരെ മേഖലയിലെ യുവജനങ്ങള്‍ സംഘടിച്ച് മദ്യവിരുദ്ധ സമിതി രൂപീകരിക്കുകയും സമിതിയുടെ നേതൃത്വത്തില്‍ മേഖലയില്‍ തിരച്ചില്‍ നടത്തി മദ്യകുപ്പികള്‍ കണ്ടെത്തുകയാണ് പതിവ്. ഇത്തരത്തില്‍ തിരച്ചില്‍ നടത്തുന്ന ആളുകളെ ആക്രമിക്കണമെന്ന ഉദ്യേശത്തില്‍ മദ്യകുപ്പികള്‍ക്ക് ഒപ്പം പാമ്പില്‍ കുഞ്ഞുങ്ങളെ ഇട്ടതെന്ന് സംശയം ഉള്ളതായി സമിതി അംഗങ്ങള്‍ പറഞ്ഞു.