അബുദാബി: അല്‍ ഖാലിദിയ ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റിനടുത്തുണ്ടായ സ്‌ഫോടനത്തിലും തീപിടുത്തത്തിലും 15 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരതരമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ മലയാളികളാരെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നു അറിവായിട്ടില്ല.
അല്‍ മന്‍സൂരി ബില്‍ഡിംഗില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഉഗ്ര സ്‌ഫോടന ശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ സമീപത്തു പാര്‍ക്കു ചെയ്തിരുന്ന നിരവധി കാറുകളും തകര്‍ന്നിട്ടുണ്ട്.
സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി വാഹന ഗതാഗതം നിയന്ത്രിച്ചും കെട്ടിടത്തിലെയും സമീപ കെട്ടിടങ്ങളിലെയും ആളുകളെ ഒഴിപ്പിച്ചും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. പൊട്ടിത്തെറിയില്‍ കെട്ടിടത്തിന്റെ ജനാലകള്‍ ഇളകി തെറിച്ചുപോയിട്ടുണ്ട്.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള