തുറവൂര്‍: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തെത്തുടര്‍ന്നു കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണവുമായി അണികള്‍. കഴിഞ്ഞ കുറേ തെരഞ്ഞടുപ്പുകളില്‍ പ്രചാരണത്തിനു നേതൃത്വം നല്കിയ നേതാക്കള്‍ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പരാജയത്തിനു കാരണമെന്നാണ് ആക്ഷേപം. കെപിസിസി, ഡിസിസി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ അടക്കമുള്ളവരുടെ ബൂത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നൂറുകണക്കിനു വോട്ടുകളുടെ വ്യത്യാസത്തിനാണ് പിന്നോക്കം പോയത്. പകല്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കും രാത്രി എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കും വേണ്ടി പ്രവര്‍ത്തിച്ചതെന്നും ആരോപണമുണ്ട്.
കോടംതുരുത്ത് പഞ്ചായത്തിലെ ഒരു കോണ്‍ഗ്രസ് അംഗം പരസ്യമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി രംഗത്തെത്തിയിട്ടും നേതൃത്വം നടപടി സ്വീകരിക്കാതിരുന്നതിരുന്നത് അണികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പല പാര്‍ട്ടി ഭാരവാഹികളും തെരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തില്‍നിന്നു മാറി നിന്നതും ഇവര്‍ക്കെതിരെ നടപടിയെടുക്കാത്തത് യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായിരുന്നെന്നും ആരോപണമുയരുന്നുണ്ട്. ചില ബൂത്തുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു മൂന്നാംസ്ഥാനം മാത്രമായിരുന്നു ലഭിച്ചത്.
വ്യാപകമായി വോട്ടു മറിച്ചതാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കനത്ത പരാജയത്തിനു കാരണമെന്നാണ് അണികള്‍ക്കിടയില്‍ സംസാരം. എ ഗ്രൂപ്പുകാരനായ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ മണ്ഡലത്തിലെ ഐ വിഭാഗക്കാര്‍ രഹസ്യയോഗം ചേര്‍ന്ന് തീരുമാനമെടുക്കുകയും തെരഞ്ഞടുപ്പു പ്രവര്‍ത്തനത്തിന്റെ നേതൃസ്ഥാനങ്ങളില്‍ കയറിപ്പറ്റി പരാജയം ഉറപ്പിക്കുകയായിരുന്നെന്നുമാണ് കോണ്ഗ്രസുകാര്ക്കിടയില് തന്നെയുള്ള സംസാരം.
എതിര്സ്ഥാനാര്ഥിയില് നിന്നു പല നേതാക്കളും പണംവാങ്ങി യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമം നടത്തിയതായും ആരോപണമുയരുന്നുണ്ട്. പ്രചാരണത്തിന്റെ നേതൃനിരയില്‍ നിന്നവരാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും പറയപ്പെടുന്നു. പരാജയത്തിനു കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നേതൃത്വം തയാറാകാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടാനൊരുങ്ങുകയാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍.