കൊച്ചി: മുന്‍മന്ത്രി എ.പി അനില്‍കുമാറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നസറുള്ള 185 തവണ സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സോളാര്‍ കമ്മീഷനില്‍ ഫോണ്‍കോള്‍ രേഖകള്‍. സോളാര്‍ തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് ജി.ശിവരാജന് കമ്മീഷന് മുമ്പാകെ നസറുള്ളയെ വിസ്തരിക്കുന്നതിനിടെ കമ്മീഷന് അഭിഭാഷകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം സരിതയുടെ ഫോണ്‍ സംഭാഷണരീതിയും വ്യക്തിപ്രഭാവവും വച്ചു നല്ല വിദ്യാഭ്യാസമുള്ള സ്ത്രീയെന്ന നിലയില്‍ അവരുമായി തനിക്ക് സൗഹൃദം ഉണ്ടായിരുന്നുവെന്ന് നസറുള്ള കമ്മീഷനില്‍ മൊഴി നല്കി.
ആയിരം സെക്കന്‍ഡില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ആറ് കോളുകള്‍ സരിതയുമായി അര്‍ധരാത്രിയില്‍ ഉള്‍പ്പെടെ നടത്തിയിട്ടുള്ളതായി നസറുള്ള ലോയേഴ്സ് യൂണിയന് അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായി സോളാര്‍ കമ്മീഷന് മുമ്പാകെ സമ്മതിച്ചു. ഈ ആറു കോളുകളില്‍ നാലെണ്ണം താനാണ് സരിതയെ അങ്ങോട്ടു വിളിച്ചിട്ടുള്ളതെന്നും അദ്ദേഹം സമ്മതിച്ചു.
സരിതയുടെ നമ്പറിലേക്ക് 2012 ജൂണ്‍ നാലു മുതല്‍ 2013 മേയ് എട്ടുവരെ നസറുള്ള 164 ഫോണ്‍കോളുകള്‍ നടത്തിയതായി കമ്മീഷന് അഭിഭാഷകന് പറഞ്ഞു. അതില്‍ 73 കോളുകള്‍ നസറുള്ളയാണ് വിളിച്ചത്. 2012 ജൂലൈ 27 ന് രാത്രി 9.36 മുതല്‍ അര്‍ധരാത്രി ഒരു മണി വരെ നാലു കോളുകളിലായി 40 മിനിറ്റോളം സംസാരിച്ചതായി നസറുള്ള കമ്മീഷന് മുമ്പാകെ സമ്മതിച്ചു.