ഉറപ്പുകള്‍ പാഴായി, കാക്കാത്തോട് ബസ്സ്റ്റാന്‍ഡ് ചളിക്കുളമായി തുടരുന്നു

KNR-BUS-STANDതളിപ്പറമ്പ്: ഉറപ്പുകള്‍ പാഴാക്കി കാക്കാത്തോട് ബസ്സ്റ്റാന്‍ഡ് ഇപ്പോഴും ചളിക്കുളമായി തുടരുന്നു. മാറിമാറി ഭരിച്ച ഭരണ-പ്രതിപക്ഷ കക്ഷികള്‍ വര്‍ഷം തോറും അവതരിപ്പിച്ച ബജറ്റുകളിലെ പ്രധാന വാഗ്ദാനമായ മലയോര ബസ്സ്റ്റാന്‍ഡും ഹൈടെക് പാര്‍ക്കിംഗ് കേന്ദ്രവും കെഎസ്ആര്‍ടിസി സബ് ഡിപ്പോയുമെല്ലാം അച്ചടിച്ച കടലാസിന്റെ പോലും വിലയില്ലാത്ത കവലപ്രസംഗമായി മാറിയിരിക്കുകയാണിപ്പോള്‍. ചെളിനിറഞ്ഞ് കാല്‍നടയാത്രപോലും അസഹനീയമായിതീര്‍ന്ന ഇവിടം പ്രദേശവാസികളുടെ ക്ഷമ പരീക്ഷിക്കുകയാണ്.

തളിപ്പറമ്പ് പഞ്ചായത്തായിരുന്ന കാലത്താണ് 1977 ല്‍ ബസ്സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിന് കാക്കാത്തോട്ടില്‍ സ്ഥലം ഏറ്റെടുത്തത്. എന്നാല്‍ പ്രധാന ടൗണില്‍ നിന്ന് ഏറെ അകലെയായതിനാല്‍ ഇത് ഉപേക്ഷിക്കപ്പെടുകയായിരുന്നു. ആരും തിരിഞ്ഞുനോക്കാതെ മാലിന്യങ്ങളുടെ നിക്ഷേപകേന്ദ്രമായി തീര്‍ന്ന കാക്കാത്തോട് പ്രദേശവാസികളുടെ തീരാതലവേദനയായി മാറിയ കാലത്താണ് നിലവിലുള്ള ബസ്സ്റ്റാന്‍ഡില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് പണിയുന്നതിനായി 2003 ല്‍ കാക്കാത്തോട് ബസ്സ്റ്റാന്‍ഡ് രണ്ടര വര്‍ഷത്തോളം തളിപ്പറമ്പ് നഗരസഭ ബസ്സ്റ്റാന്‍ഡാക്കി മാറ്റിയത്.    ഇത് സംബന്ധിച്ച് നടന്ന കേസില്‍ നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍ഡ് തുറക്കുന്നതോടെ കാക്കാത്തോട് മലയോര ബസ് സ്റ്റാന്‍ഡായി മാറ്റുമെന്ന് നഗരസഭ സത്യവാംഗ്മൂലം നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് യാതൊരു നടപടികളുമുണ്ടായില്ല. ഇതിനിടയിലാണ് ഇവിടെ കെഎസ്ആര്‍ടിസി സബ് ഡിപ്പോ ആരംഭിക്കാന്‍ അന്നത്തെ എംഎല്‍എ ആയിരുന്ന എം.വി. ഗോവിന്ദന്‍ ശ്രമം തുടങ്ങിയത്. പണി ദ്രുതഗതിയില്‍ ആരംഭിച്ചെങ്കിലും തളിപ്പറമ്പിലെ ഒരു വ്യാപാരി നല്‍കിയ കേസില്‍ ഹൈക്കോടതി നിര്‍മാണം സ്‌റ്റേ ചെയ്യുകയായിരുന്നു. അന്ന് ബസ് യാര്‍ഡ് നിര്‍മിക്കുന്നതിന് സ്ഥാപിച്ച എട്ടോളം സിമന്റ് തൂണുകള്‍ അപകടാവസ്ഥയില്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. പഴയ കാത്തിരിപ്പ് കേന്ദ്രങ്ങളും മൂത്രപ്പുരയുമൊക്കെ തകര്‍ന്ന നിലയിലാണ്. ഇപ്പോള്‍ ചെളിയും മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്ന ബസ് സ്റ്റാന്‍ഡില്‍ പ്രദേശവാസിയായ ഒരാളുടെ ലോറികളാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്.

എല്ലാ വര്‍ഷവും നഗരസഭാ ബജറ്റില്‍ കാക്കാത്തോടിനെ പറ്റി ഒരു ഖണ്ഡിക കാണാതിരിക്കില്ല. കോടികള്‍ കിലുങ്ങുന്ന വന്‍ പദ്ധതികളായിരിക്കും പ്രഖ്യാപിക്കപ്പെടുക. എന്നാല്‍ യാതൊന്നും തന്നെ നടക്കാത്തതിനാല്‍ കാക്കാത്തോട് പദ്ധതികള്‍ പരിഹാസത്തോടെയാണ് പൊതുജനം ഇപ്പോള്‍ ശ്രവിച്ചുകൊണ്ടിരിക്കുന്നത്. തളിപ്പറമ്പ് പോലെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു നഗരത്തിന് മുതല്‍കൂട്ടായി മാറേണ്ട ഒരു പ്രദേശം ഇത്തരത്തില്‍ ചെളി ഉത്പാദന കേന്ദ്രമായി മാറ്റുന്ന നടപടി രാഹിത്യത്തിനെതിരേ പ്രതിഷേധം ഇരമ്പുകയാണ്.

Related posts