സംസ്ഥാനത്ത് വീണ്ടും സ്ക്രാച്ച് ആന്ഡ് വിന് പണം തട്ടിപ്പ് വ്യാപകമാകുന്നു. ഏതെങ്കിലും സ്ഥാപനത്തിന്റെ പിറന്നാള് ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന ലക്കിഡ്രോയില് സമ്മാനം ലഭിച്ചതായി രജിസ്റ്റേര്ഡ് തപാല് മുഖാന്തിരം സ്ക്രാച്ച് ആന്ഡ് വിന് കൂപ്പണ് അയച്ചുനല്കിയാണ് ഇപ്പോള് പുതിയ ഓണ്ലൈന് തട്ടിപ്പ് വ്യാപകമാകുന്നത്. ഇത്തരത്തില് വയനാട് സ്വദേശിയുടെ അരലക്ഷം രൂപ അടുത്തിടെ നഷ്ടമായി. ഇത്തരം തട്ടിപ്പുകള്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബര് പോലീസ് മുന്നറിയിപ്പ് നല്കി.
തട്ടിപ്പ് രീതി ഇങ്ങനെ…
Scratch & WIN SL No. EXZ88215 Congratulations! Your Redemption Code is inside 2nd Prize Twelve Lakh Sitxy Thousands only Redemption Code X3RW – ഈ സന്ദേശമാണ് മൊബൈലിലേക്ക് വരുന്നത്. രജിസ്റ്റേര്ഡ് തപാല് മുഖാന്തിരം അയച്ചുനല്കുന്ന കൂപ്പണ് സ്ക്രാച്ച് ചെയ്ത് സമ്മാനം ലഭിച്ചതായി അറിഞ്ഞ് തട്ടിപ്പുകാരെ ബന്ധപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി.
തുടര്ന്ന് തട്ടിപ്പു സംഘം മൊബൈല്ഫോണില് ബന്ധപ്പെട്ട് വലിയ തുക സമ്മാനം ലഭിച്ചതായി അറിയിപ്പുനല്കും. ആ തുക ലഭിക്കുന്നതിന് ടാക്സ് ഇനത്തില് സമ്മാനം ലഭിച്ച തുകയുടെ നിശ്ചിത ശതമാനം മുന്കൂട്ടി അടപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
പൊതുജനങ്ങള് ഓണ്ലൈന് ഇടപാടുകളും മറ്റും നടത്തുമ്പോള് ലഭ്യമാകുന്ന വിവരങ്ങളും സ്ക്രാച്ച് ആന്ഡ് വിന് കുപ്പണില് പുരിപ്പിച്ചു നല്കുന്ന മൊബൈല് ഫോണ്, ബാങ്ക് അക്കൗണ്ട് ഉള്പ്പെടെയുള്ള വിവരങ്ങളും ശേഖരിച്ച ശേഷമാണ് തട്ടിപ്പു നടത്തുന്നത്.
ജാഗ്രത പാലിക്കണമെന്ന് സൈബര് പോലീസ്
സമ്മാനത്തട്ടിപ്പുകളില് ഉള്പ്പെടാതെ പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് സൈബര് പോലീസിന്റെ മുന്നറിയിപ്പില് പറയുന്നു. യഥാര്ഥ സമ്മാനങ്ങള്ക്ക് ഒന്നുംതന്നെ മുന്കൂര് പണമടക്കാന് ബന്ധപ്പെട്ടവര് ആവശ്യപ്പെടാറില്ല.
അതുകൊണ്ടു തന്നെ പൊതുജനങ്ങള് ജാഗ്രത പാലിക്കണം. ഇത്തരം ഓണ്ലൈന് സാമ്പത്തിക കുറ്റകൃത്യങ്ങള് ശ്രദ്ധയില്പ്പെട്ടാല് ഉടന് തന്നെ 1930 എന്ന സൗജന്യ നമ്പറില് ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ അറിയിക്കണമെന്നും സൈബര് പോലീസ് പറഞ്ഞു.

