സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എ.ടി.എം കവര്‍ച്ചയിലെ മുഖ്യപ്രതി റുമേനിയന്‍ സ്വദേശി മരിയന്‍ ഗബ്രിയേലിനെ മുംബയ് പോലീസിന്റെ കയ്യില്‍ നിന്നും കേരള പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പേട്ട സി.ഐ സുരേഷ് വി നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ രാത്രി മുംബൈയില്‍ എത്തിയിരുന്നു. കവര്‍ച്ച നടത്തിയ മുഖ്യപ്രതി തന്നെയാണ് പിടിയിലായതെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു. മരിയനെ കൂടാതെ മറ്റു പ്രതികളായ റുമേനിയയിലെ ക്രയോവക്കാരായ ക്രിസ്റ്റിയന്‍ വിക്ടര്‍ കോണ്സ്റ്റാന്റിയന് (26) ബോഗ്ദിന് ഫോറിയന്‍ (25) എന്നിവരെ പിടികൂടാനുണ്ട്.
ഇവരുടെ വിസാ കാലവധി കഴിഞ്ഞതായി സംശയിക്കുന്നതിനാല്‍ ഇവര്‍ രാജ്യം വിട്ടതായി അന്വേഷണ സംഘം സംശയിക്കുന്നു. കവര്‍ച്ചയില്‍ ഗബ്രിയേലിനെ ഇവര്‍ സഹായിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. പണം പിന്‍വലിച്ചത് ഗബ്രിയേലാണെന്നാണ് അന്വേഷണ സംഘത്തിന് ചോദ്യംചെയ്യലില്‍ നിന്ന് ലഭിച്ച വിവരം. ഇയാളെ ഇന്നു തന്നെ കേരളത്തിലേയ്ക്ക് കൊണ്ടുവരും. വിമാനത്തിലാണ് കൊണ്ടുവരുക. ഇതിനുള്ള നടപടി ക്രമങ്ങള്‍ അന്വേഷണ സംഘം നടത്തുകയാണ്. ഇന്നു രാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കാന്‍ കഴിയുമെന്നാണ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഐ.ജി മനോജ് എബ്രഹാം രഷട്രദീപികയോട് പറഞ്ഞത്.
പിടിയിലാകാനുള്ള രണ്ടുപേരെ സംബന്ധിച്ച അന്വേഷണം തുടരുകയാണ് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് നടത്തുന്നത്. ഗബ്രിയേലിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ സമാന തട്ടിപ്പ് മറ്റെവിടെയങ്കിലും നടത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയുകയുള്ളു.
ടൂറിസ്റ്റുകളെന്ന വ്യാജേന തിരുവനന്തപുരത്ത് എത്തിയ മൂവര്‍ സംഘം താമസിച്ചിരുന്ന നക്ഷത്ര ഹോട്ടലില്‍ ഇവര്‍ നല്കിയ മേല്‍വിലാസം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍നിന്നാണ് പോലീസിന് വിവരങ്ങള്‍ കിട്ടിയത്. ജൂണ്‍ 25ന് ഇവര്‍ ഇന്ത്യയിലെത്തിയിരുന്നു. കഴിഞ്ഞ ജൂണ്‍ 30നു രാവിലെ 6.20 നു കവര്‍ച്ചക്കാര്‍ വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ എസ്ബിഐ എടിഎം കൗണ്ടറില്‍ എത്തുകയും ഇടപാടുകാരുടെ പിന്(പേഴ്സണല്‍ ഐ ഡന്റിഫിക്കേഷന്‍ നമ്പര്‍) ചോര്‍ത്താന്‍ കാമറയും കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ എടിഎം മെഷീനില്‍ സ്കിമ്മര്‍ എന്ന ഉപകരണവും സ്ഥാപിക്കുകയും ചെയ്തു.
തലസ്ഥാനത്തെ എടിഎം തട്ടിപ്പ് കേസിലെ പ്രതികള്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന രണ്ട് സ്കൂട്ടറുകള് കോവളത്തുനിന്ന് പിടികൂടിയിരുന്നു. കോവളം ഊരൂട്ടമ്പലം സ്വദേശികളുടെ പേരിലുള്ള സ്കൂട്ടറുകള് കോവളത്ത് പ്രവര്‍ത്തിച്ചിരുന്ന ബൈക്കുകള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് കണ്ടെടുത്തത്.