വാഴ്സോ: ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ഭീകരപ്രവര്‍ത്തനത്തെ പ്രതിരോധിക്കാന്‍ സഖ്യകക്ഷി സേനകളുടെ (നാറ്റോ) പരിശീലന കേന്ദ്രം ഇറാക്കില്‍ സ്ഥാപിക്കാന്‍ ധാരണയായി. വാഴ്സോയില്‍ ഇന്നു ചേരുന്ന ഉച്ചകോടിയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന് അറിയിച്ചു. ഇറാക്കിനുള്ളില് പരിശീലനകേന്ദ്രം സ്ഥാപിക്കുന്നതുകൊണ്ട്, ഇറാക്കിലെ ഐഎസ് പ്രവര്‍ത്തനത്തെ പ്രതിരോധിക്കാനും ഇറാക്കി സൈനികര്‍ക്കു പരിശീലനം നല്‍കാനും സാധിക്കും. ഇറാക്ക്, സിറിയ എന്നിവിടങ്ങിലെ ഐഎസ് വിരുദ്ധപോരാട്ടത്തില്‍ പങ്കുചേരാന്‍ അമേരിക്ക സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎസ് പോരാട്ടത്തില്‍ നാറ്റോയും പങ്കാളികളാകുമെന്നു പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ യോഗത്തിനു മുമ്പ് അറിയിച്ചു.
നാറ്റോ സഖ്യത്തിലെ രാജ്യങ്ങള്‍ ഐഎസിനെതിരേയുള്ള പോരാട്ടത്തില്‍ പങ്കെടുക്കുന്നുണെ്ടങ്കിലും സഖ്യസേന നിലവില്‍ യുദ്ധമുന്നണിയിലില്ല.
ഐഎസ് പോരാട്ടത്തില്‍ നാറ്റോ സഖ്യമെത്തുന്നതു റഷ്യ ആശങ്കയോടെയാണ് കാണുന്നത്. സിറിയയില്‍ പ്രസിഡന്റ് ബാര്ഷദ് അല്‍ അസദിനൊപ്പം ചേര്‍ന്നാണ് റഷ്യ ഐഎസിനെതിരേ പോരാട്ടം നടത്തുന്നത്. എന്നാല്‍, വിമതപക്ഷത്തെയാണ് അമേരിക്ക പിന്തുണയ്ക്കുന്നത്. ഐഎസ് പോരാട്ടത്തില്‍ പൂര്‍വ സോവിയറ്റ് രാജ്യങ്ങള്‍ അടങ്ങിയ നാറ്റോ സഖ്യവുമായി റഷ്യ സഹകരിക്കുമോയെന്നും പ്രതീക്ഷയോടെയാണ് നിരീക്ഷകര്‍ കാണുന്നത്. റഷ്യയുടെ സഹകരണം ഐഎസ് വിരുദ്ധപോരാട്ടത്തെ കൂടുതല്‍ ശക്തമാക്കുമെന്ന് നാറ്റോ അഭിപ്രായപ്പെട്ടിട്ടുണ്ട്.