വളരെ നാടകീയമായ ഒരു നിമിഷമായിരുന്നു അത്. മുന്‍ പ്രീമിയര്‍ ലീഗ് താരവും ഇക്വഡോറിന്റെ ഫോര്‍വേർഡ് കളിക്കാരനുമായ എനെര്‍ വലന്‍സിയയുടെ സഹോദരി എര്‍സി വലന്‍സിയ ലാസ്ട്രയെ ഒരു സംഘം കൊടും വനത്തിനുള്ളിലേക്കു തട്ടിക്കൊണ്ടുപോയി.
ഒരു വിവരവും കിട്ടാതെ പരിഭ്രാന്തിയിൽ കുടുംബവും സുഹൃത്തുക്കളും വലഞ്ഞു. ഒടുവിൽ 11 ദിവസങ്ങൾക്കു ശേഷം സായുധ സംഘത്തിൽനിന്നു സാഹസികമായി പോലീസ് അവരെ രക്ഷിച്ചു.
വടക്കുപടിഞ്ഞാറന്‍ ഇക്വഡോറിലെ സാന്‍ലോറന്‍സോ നഗരത്തിനടുത്തുള്ള ഘോര വനത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യാഗസ്ഥരാണ് രക്ഷാദൗത്യം നടത്തിയത്. രക്ഷപ്പെടുത്താന്‍ വന്ന പോലീസുകാര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു കൂപ്പുകൈയോടെ എര്‍സി നില്ക്കുന്ന രംഗം ഏവരുടെയും കരളലിയിക്കുന്നതായിരുന്നു.
എര്‍സി വലന്‍സിയ ലാസ്ട്രയെ രണ്ടാഴ്ച മുമ്പാണ് ക്വിറ്റോ നഗരത്തിലെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയത്. ആയുധധാരികളായ ഒരു സംഘം ആളുകള്‍ അവളുടെ വീട്ടില്‍ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളെ ആക്രമിച്ചു.
ശേഷം 28കാരിയായ എര്സിയെ ബലമായി പിടിച്ചകൊണ്ടുപോകുകയായിരുന്നുവെന്നു പോലീസ് പറയുന്നു. ആക്രമണ സമയത്തു തൊട്ടടുത്തുള്ള നദിയിലേക്ക് എടുത്തുചാടിയതു കൊണ്ടു മാത്രമാണ് അവരുടെ ഭര്‍ത്താവ് രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു .
തട്ടിക്കൊണ്ടുപോയവര്‍ 1.5 മില്യണ്‍ ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെടാന്‍ പദ്ധതിയിട്ടിരുന്നതായി ദേശീയ പോലീസിന്റെ ആന്റി കിഡ്നാപ്പിംഗ് യൂണിറ്റ് മേധാവി കേണല്‍ ഹെന്റി ഹെരേര പറഞ്ഞു.
എര്സിയെ വടക്കു പടിഞ്ഞാറന്‍ ഇക്വഡോറിലെ എസ്മെരാള്ഡാസ് പ്രവിശ്യയിലെ ഒരു കാട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് അറിഞ്ഞതോടെ ബന്ധുക്കള്‍ പോലീസിനെ വിളിച്ചു.
എന്നാൽ, തട്ടിക്കൊണ്ടുപോകല്‍ സംഘം ബന്ദികളെ അധികൃതര്‍ കണ്ടെത്താതിരിക്കാന്‍ പല സ്ഥലങ്ങളിലേക്കായി മാറ്റികൊണ്ടിരുന്നു. ക്രമേണ, ആന്റി കിഡ്നാപ്പിംഗ് ആന്‍ഡ് എക്സ്ട്രാക്ഷന്‍ യൂണിറ്റ് (യുനാസ്), ഇന്റര്‍വെന്‍ഷന്‍ ആന്‍ഡ് റെസ്ക്യൂ ഗ്രൂപ്പ് (ജിഐആര്‍ ) എന്നിവയിലെ ഏജന്റുമാര്‍ എര്സിയയെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തി ഒാപ്പറേഷൻ നടത്തുകയായിരുന്നു.
എര്‍സി സുരക്ഷിതയാണെന്ന് കാണിക്കുന്ന വീഡിയോകളും ഫോട്ടോകളും പോലീസുകാര്‍ പുറത്തുവിട്ടിരുന്നു. രക്ഷപ്പെടുത്താന്‍ വന്ന പോലീസുകാരുടെ കാലില്‍ വീണ എര്‍സി പിന്നീടു പൊട്ടിക്കരയുകയായിരുന്നു. എന്നാല്‍, എര്സിക്ക് ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്നു പോലീസ് സൂചിപ്പിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനിടെ തട്ടികൊണ്ടുപോകല്‍ സംഘത്തില്‍പെട്ട ആറുപേരെ പോലീസ് അറസ്റ്റുചെയ്തു കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അറസ്റ്റിലായ അറു പുരുഷന്മാരില് ഒരാള്‍ യുവാവാണ്. അഞ്ച് മുതിര്‍ന്നവര്‍ നിലവില്‍ ജയിലില്‍ കഴിയുകയാണെന്നു ദേശീയ പത്രമായ എല്‍ യൂണിവേഴ്സോ റിപ്പോര്‍ട്ട് ചെയ്യുന്നു.
തട്ടിക്കൊണ്ടുപോയവര്‍ ആര്?
കൊളംബിയയില്‍നിന്നുള്ള ഫാര്‍ക്ക് വിമത വിഭാഗമായ ഒലിവര്‍ സിനിസ്റ്റെറ ഫ്രണ്ടിന്റെ ഭാഗമാണ് ഇക്വഡോറിയന്‍ പ്രതികള്‍ എന്നാണ് കരുതപ്പെടുന്നത്. 1964ല്‍ ഒരു മാര്‍ക്സിസ്റ്റ് പ്രസ്ഥാനമായി രൂപീകരിച്ച ഗറില്ലാ ഗ്രൂപ്പായിരുന്നു ഫാര്‍ക്ക്. സര്‍ക്കാരിനെതിരെ സായുധ പ്രതിരോധത്തിന്റെ പ്രചാരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
നന്ദി അറിയിച്ച് വലന്‍സിയ
സഹോദരിയെ രക്ഷിച്ചതിന് വലന്‍സിയ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അധികാരികളോട് പരസ്യമായി നന്ദി പറഞ്ഞു. ‘ഇന്ന് എനിക്ക് തോന്നുന്നതെല്ലാം പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല,’ അദ്ദേഹം കുറിച്ചു. വെസ്റ്റ് ഹാമിനും എവര്ട്ടണിനുമായി കളിച്ച വലന്‍സിയ ഇപ്പോള്‍ ടര്‍ക്കിഷ് ഫുട്ബോള്‍ ക്ലബായ ഫെനെര്ബാസില് ചേര്‍ന്നിരിക്കുകയാണ്.
ഇക്വഡോറിന്റെ പ്രധാന കളിക്കാരിൽ ഒരാളായ വലൻസിയ ഇതികനം 54 അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് 31 ഗോളുകൾ നേടിയിട്ടുണ്ട്.
തയാറാക്കിയത്: കെ.എം.വൈശാഖ്