–സോനു തോമസ്
ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ ലഹരിയിലാണ് ഇപ്പോള്‍ ടെക് പ്രേമികള്‍. ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍, സ്നാപ്ഡീല്‍, ഷോപ്പ് ക്ലൂസ് തുടങ്ങിയ പ്രമുഖ സൈറ്റുകളെല്ലാം ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഡിസ്കൗണ്ടുകളും ഓഫറുകളുമാണ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചില സൈറ്റുകള്‍ 80 ശതമാനം ഡിസ്കൗണ്ടുവരെ നല്‍കുമെന്നാണ് ഓഫര്‍. കൂടുതല്‍ ഡിസ്കൗണ്ട് നല്കുന്ന ചില ഓണ്‍ലൈന്‍ സൈറ്റുകാര്‍ ഇഷ്ടികയും മരക്കഷണങ്ങളും നല്‍കിയതായുള്ള വാര്‍ത്തകള്‍ അടുത്തയിടെ പുറത്തു വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളൊന്നും ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉപയോക്താക്കളെ മാറ്റിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഓണ്‍ലൈന്‍ഷോപ്പിംഗ് സുരക്ഷിതവും ലാഭകരവുമാക്കാം.
ആപ് ഉപയോഗിക്കുക
വെബ്സൈറ്റിലൂടെ ഷോപ്പിംഗ് നടത്തുന്നതിനേക്കാള്‍ ഓഫര്‍ കൂടുതല്‍ ആപ് ഉപയോഗിച്ചുള്ള പര്‍ച്ചേസിനാണ്. പ്രമുഖ ഷോപ്പിംഗ് കമ്പനികളല്ലാം ആപ് ഉപയോഗിച്ചുള്ള ഷോപ്പിംഗിന് കൂടുതല്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്. കൂടുതല്‍ ആളുകളെ ആപ് ഉപയോഗിക്കാല്‍ പ്രേരിപ്പിക്കുക എന്നതാണ് കമ്പനി ഇത്തരം ഓഫറുകള്‍ നല്‍കുന്നതിന്റെ പിന്നിലെ രഹസ്യം. മാത്രമല്ല ഭാവിയില്‍ മെയിന്റനസ് ചെലവ് കൂടുതലായ സൈറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തുകയും ആപ്പിലുടെ മാത്രം കച്ചവടവും എന്ന തന്ത്രമാണ് കമ്പനികള്‍ നടപ്പാക്കുന്നത്.
ലാഭം കാര്‍ഡില്‍
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ ചില ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ അഞ്ചു മുതല്‍ പതിനഞ്ചു ശതമാനം വരെ അധികം ഡിസ്കൗണ്ട് ലഭിക്കും.
നെറ്റ് ബാങ്കിങ് ഉപയോഗിച്ചാണ് ഷോപ്പിംഗ് എങ്കില്‍ ചില സൈറ്റുകളില്‍ അഞ്ചു ശതമാനം ഡിസ്കൗണ്ട് ലഭിക്കും. എസ്ബിഐ, ഐസി ഐസി ഐ, എച്ച്ഡിഎഫ്സി തുടങ്ങിയ ബാങ്കുകളുമായി സഹകരിച്ചാണ് ഓണ്‍ലൈന്‍ ഷോപ്പിംഗുകള്‍ക്ക് ഓഫറുകള്‍ നല്‍കുന്നത്. കാഷ് ഓണ്‍ ഡെലിവറി ഓപ്ഷന് സാധാരണ ഓഫറുകള്‍ മാത്രമേ നല്കാറുള്ളു.
സമയം പ്രധാനം
ദിവസം മുഴുവനും ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികള്‍ ഓഫറുകള്‍ നല്‍കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ഡിസ്കൗണ്ട് രാത്രി സമയത്താണ്. പകല്‍ സമയത്ത് പൊതുവേ ഓഫറുകള്‍ കുറവാണ് നല്‍കുന്നത്.
ഓരോ മണിക്കൂറുകളിലും സൈറ്റുകള്‍ ഓഫറുകള്‍ മാറ്റിക്കൊണ്ടിരിക്കും. ഒരു നിശ്ചിത എണ്ണം സാധനങ്ങള്‍ മാത്രമേ ഓഫറില്‍ നല്കു. അത് വിറ്റു തീര്‍ന്നാല്‍ ഓഫറും തീരും. ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ ഓരോ ദിവസവും ഓരോ കാറ്റഗറി തിരിച്ചാണ് ഓഫറുകള്‍ നല്‍കുന്നത്. ഉദാഹരണത്തിന് ഒരു ദിവസം ഇലക്ട്രോണിക് സാധനങ്ങള്‍ക്കാണ് ഓഫറെങ്കില്‍ അടുത്ത ദിവസം ഫാഷനുമായി ബന്ധപ്പെട്ടായിരിക്കും. അടുത്ത മണിക്കൂറില്‍ തുടങ്ങുന്നതോ അല്ലെങ്കില്‍ അടുത്ത ദിവസമുള്ള ഓഫറുകളെക്കുറിച്ചോ സൈറ്റില്‍ നേരത്തെ തന്നെ നല്‍കും. ഇത് തങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള ഓഫറുകള്‍ തെരഞ്ഞെടുക്കാന്‍ ഉപയോ ക്താവിന് എളുപ്പമാവും.
താരതമ്യം അനിവാര്യം
ഒരു സാധനത്തിന് ഒരു സൈറ്റില്‍ കൊടുക്കുന്ന വിലയും ഓഫറും മറ്റൊരു സൈറ്റില്‍ നല്‍കിയിരിക്കുന്നതുമായി വ്യത്യാസം ഉണ്ടായിരിക്കും. അതിനാല്‍ ഇഷ്ടപ്പെട്ട പ്രോഡക്ട് വാങ്ങുന്നതിനു മുമ്പ് മറ്റു സൈറ്റുകളില്‍ അതിന്റെ വില നോക്കുന്നത് നല്ലതായിരിക്കും. ചിലര്‍ പ്രോഡക്ടിന്റെ വില കൂട്ടിയിട്ട് കൂടുതല്‍ ഡിസ്കൗണ്ട് നല്‍കാറുണ്ട്. ഉത്പന്നങ്ങള്‍ക്ക് കൊറിയര്‍ ചാര്‍ജ് അടക്കം ചിലപ്പോള്‍ കടകളില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടിയ തുകയാകും. ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാനും കൂടുതല്‍ ലാഭമുണ്ടാക്കാനും താരതമ്യപഠനം സഹായിക്കും.
ഒക്ടോബര്‍ ഒന്നു മുതല്‍ അഞ്ചുവരെയാണ് കമ്പനികള്‍ ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിനാണ് ചിലര്‍ ഓഫറുകള്‍ ആരംഭിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ 25,000 കോടി രൂപയുടെ വ്യാപാരം ഓണ്‍ലൈന്‍ സൈറ്റുകളില്‍ കൂടി നടക്കുമെന്നാണ് കരുതുന്നത്.
പ്രോഡക്ട് സെലക്റ്റ് ചെയ്ത ശേഷം പണം നല്കുന്ന ഘട്ടത്തില്‍ എന്തെങ്കിലും സെര്‍വര്‍ തകരാര്‍ കൊണ്ട് ആ ഇടപാട് കാന്‍സലായാല്‍ ചില കമ്പനികള്‍ ഉപയോക്താവിന് പ്രത്യേക ഓഫര്‍ നല്‍കാറുണ്ട്. വിശ്വാസയോഗ്യമായിട്ടുള്ള സൈറ്റുകളില്‍ നിന്നുമാത്രം ഷോപ്പിംഗ് നടത്തുക. അല്ലെങ്കില്‍ പണം മാത്രമല്ല നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ കൂടി ചോരാന്‍ കാരണമാകും.