എങ്ങും പുലി ഗര്‍ജനം മാത്രം…

pulimuruganമലയാള സിനിമയിലെ പുലികള്‍ക്കിടയിലെ രാജാവിനെ കാണാന്‍ തിയറ്ററിലേക്ക് ആര്‍ത്തിരമ്പി അനുയായികളെത്തിയപ്പോള്‍ എങ്ങും എവിടെയും പുലിഗര്‍ജനങ്ങളുടെ ആരവം മാത്രം. വര്‍ണകടലാസുകള്‍ വാരിവിതറി അവര്‍ പുലിമുരുകനെ വരവേറ്റപ്പോള്‍ തീയറ്ററുകളില്‍ ഉത്സവകൊടിയേറ്റിന്റെ പ്രതീതി. പുലി വരുന്നേ പുലിയെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായെങ്കിലും ആ പുലി തന്റെ രൗദ്രഭാവത്തില്‍ ഇങ്ങെത്തിയപ്പോള്‍ കണ്ണിമവെട്ടാതെ നോക്കിയിരിക്കാനെ സാധിച്ചുള്ളു. അത്ര കണ്ട് ശൗര്യത്തോടെയാണ് ബിഗ് സ്ക്രീനിലേക്ക് ഈ പുലി ചാടിയത്. അനവധി നിരവധി കഥപാത്രങ്ങളിലൂടെ ഏവരെയും വിസ്മയിപ്പിച്ച മോഹന്‍ലാലിന്റെ മറ്റൊരു മുഖമാണ് പുലിവേട്ടക്കാരനായ പുലിമുരുകന്‍. സംവിധായകന്‍ വൈശാഖിന്റെ ആത്മവിശ്വാസത്തില്‍ നിന്ന് ഉദയംകൊണ്ട പുലിവേട്ടക്കാരനെയും കൂട്ടരെയും കാണാന്‍ നിങ്ങള്‍ കണ്ണും അടച്ച് ടിക്കറ്റെടുത്തോളു വെള്ളിവെളിച്ചത്തിന്റെ തിളക്കത്തില്‍ ഇവര്‍ നിങ്ങളെ വിസ്മയിപ്പിക്കുക തന്നെ ചെയ്യും.

ആക്ഷന്‍ രംഗങ്ങളിലെ സാങ്കേതിക പിഴവുകള്‍ തീര്‍ക്കാന്‍ പുലിമുരുകന്‍ ടീം കാണിച്ച കണിശത പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് ഒരു വേറിട്ട അനുഭവം തന്നെയാണ്. ആ കാഴ്ചകള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ തീയറ്ററില്‍ പോയി തന്നെ കണ്ടറിയണം. പുലിയൂര്‍ ഗ്രാമത്തെ നരഭോജികളായ വരയന്‍ പുലികളില്‍ (കടുവയെ നാട്ടുകാര്‍ വിളിക്കുന്ന പേരാണ് ഇത്) നിന്നും രക്ഷിക്കുന്ന നായകനാണ് പുലിമുരുകന്‍. ഗ്രാമവാസികള്‍ക്ക് മരണം വിതയ്ക്കുന്ന വരയന്‍ പുലികളെ തുരത്തുന്ന കഥമാത്രമല്ല പുലിമുരുകന്‍. മനുഷ്യനുള്ളിലെ മൃഗത്തെ കൂടി പുറത്തെടുത്തിടുന്നുണ്ട് സംവിധായകന്‍ വൈശാഖ് ഈ ചിത്രത്തിലൂടെ.

മോഹന്‍ലാലിന്റെ ബാല്യകാലം തകര്‍ത്താടിയ മിടുക്കന്റെ കിടിലോല്‍ കിടിലം പ്രകടനത്തോടെയാണ് പുലിമുരുകന്റെ വേട്ട തുടങ്ങുന്നത്. ഫ്‌ളാഷ് ബാക്കിലൂടെ കഥപറഞ്ഞ് പുലിമുരുകന്റെ ജീവിതത്തിലേക്ക് കടക്കുന്ന സിനിമയില്‍ നായികയായി എത്തുന്നത് കമാലനി മുഖര്‍ജിയാണ്. പുലിമുരുകനെ മെരുക്കുന്ന നായികയായി മൈന എന്ന വേഷം തന്നാലാവും വിധം കമാലനി മുഖര്‍ജി സ്ക്രീനില്‍ പ്രതിഫലിപ്പിച്ചു.

മോഹന്‍ലാലിന്റെ വണ്‍മാന്‍ ഷോ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഒത്തിണക്കമുള്ള പശ്ചാത്തല സംഗീതം കൂടി ഒരുക്കിയതോടെ തീയറ്ററില്‍ പുലിമുരുകന്‍ ശൗര്യത്തോടെ പ്രത്യക്ഷപ്പെടുമ്പോളെല്ലാം ഒരു പുലി എഫക്ട് കൊണ്ടുവരാന്‍ സംഗീത സംവിധായകന്‍ ഗോപിസുന്ദറിന് കഴിഞ്ഞു. പുലിമുരുകന്റെ അമ്മാവനായ ബലരാമന്‍ എന്ന കഥാപാത്രത്തിന് വേണ്ടി നടനും സംവിധായകനുമായ ലാലിനെ കാസ്റ്റ് ചെയ്ത് വൈശാഖിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ചിത്രത്തില്‍ മോഹന്‍ലാല്‍–ലാല്‍ കോമ്പിനേഷന്‍ നല്ലവണ്ണം വര്‍ക്കൗട്ട് ചെയ്തിട്ടുണ്ട്.

ഇതുവരെ മലയാള സിനിമ പരിചയിക്കാത്ത ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് പീറ്റര്‍ ഹെയ്ന്‍ പുലിമുരുകനായി ഒരുക്കിയത്. മോഹന്‍ലാലിന്റെ തികവുറ്റ അര്‍പ്പണമനോഭാവം കൂടി ആക്ഷന്‍ സീനുകളില്‍ ഇഴചേര്‍ന്നപ്പോള്‍ അതൊരു മാസ്മരിക പ്രകടനമായി മാറുകയായിരുന്നു. കാടിനെ ഒപ്പിയെടുത്ത പരിചയസമ്പന്നനായ ഛായാഗ്രാഹകന്‍ ഷാജി സ്ക്രീനില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നാത്തവിധം പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്.

ആദ്യ പകുതിയില്‍ കാട്ടിലെ നായകനായ പുലിമുരുകനെ രണ്ടാം പകുതിയിലെ നഗരത്തിലേക്ക് പറഞ്ഞയക്കുന്നതോടെ കഥയുടെ മട്ടും ഭാവവും മാറുകയാണ്. കാട്ടിലെ നരഭോജികളെ മാത്രമല്ല നഗരത്തിലെ മനുഷ്യമുഖമുള്ള വേട്ടമൃഗങ്ങളെയും പ്രതിരോധിക്കേണ്ടി വരുന്നതിനാല്‍ നിലനില്‍പ്പിനായി നഗരത്തിലും പുലിമുരുകന്‍ ശൗര്യക്കാരനാകേണ്ടി വരുന്നു.

ഒരു ആക്ഷന്‍ ത്രില്ലര്‍ മാത്രമായി മാറേണ്ട സിനിമയെ കുടുംബ പശ്ചാത്തലത്തിന്റെ മേല്‍ പിടിച്ചുകെട്ടി മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ കാണിക്കേണ്ട ഹൃദ്യമായ രംഗങ്ങള്‍ ഒരുക്കുന്നതിലും സംവിധായകന്‍ വിജയിച്ചു. വിരലിലെണ്ണാവുന്നതിലും കൂടുതല്‍ വില്ലന്മാര്‍ ചിത്രത്തിലുണ്ടെങ്കിലും മോഹന്‍ലാലിനെ വച്ച് തട്ടിക്കുമ്പോള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന കടുവ തന്നെയാണ് പ്രധാന വില്ലന്‍ എന്നു പറയേണ്ടിവരും. കടുവയുമായുള്ള ഏറ്റുമുട്ടല്‍ ഒട്ടും മടുപ്പുണ്ടാക്കാത്തവിധം അവിസ്മരണീയമായി തീര്‍ക്കുന്നതില്‍ പുലിമുരുകന്‍ ടീം കാട്ടിയ കൃത്യത ചിത്രത്തെ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നത്.

സുധീര്‍ കരമനയും വിനു മോഹനും ബാലയുമെല്ലാം ചിത്രത്തില്‍ തങ്ങളുടെ വേഷം മികവുറ്റതാക്കിയപ്പോള്‍ കോമഡിക്കായി മാത്രം കൊണ്ടുവന്ന സുരാജ് വെഞ്ഞാറമൂടിന്റെ കൗണ്ടറുകള്‍ പലയിടത്തും ചീറ്റി പോയെന്ന് പറയേണ്ടി വരും. ചിത്രത്തിലെ ഗാനങ്ങളേക്കാള്‍ കൂടുതല്‍ ആകര്‍ഷണം പശ്ചാത്തല സംഗീതത്തിനായതിനാല്‍ പാട്ടുകളെല്ലാം പശ്ചാത്തല സംഗീതത്തിന്റെ അനുജന്മാരായി കൂടെ കൂടി ഒരു പ്രത്യേക മൂഡ് ചിത്രത്തിനായി കൊണ്ടുവന്നു. മോഹന്‍ലാലിന്റെ ആരാധകരെ മാത്രമല്ല കുടുംബപ്രേക്ഷകരെ കൂടി മുന്നില്‍ കണ്ടൊരുക്കിയ ഒരു ക്ലീന്‍ എന്റര്‍ട്രെയ്‌നറാണ് പുലിമുരുകന്‍. പരീക്ഷണങ്ങള്‍ എക്കാലവും വിജയിച്ചുവെന്നു വരില്ല എന്നാല്‍ വേറിട്ട ആക്ഷന്‍ രംഗങ്ങളൊരുക്കി പ്രേക്ഷകരെ പിടിച്ചിരുത്തണമെന്ന് ആഗ്രഹിച്ച സംവിധായകന്‍ വൈശാഖിന്റെ ഈ പരീക്ഷണം വിജയിച്ചവെന്നു നൂറു ശതമാനം പറയാം. അപ്പോള്‍ എങ്ങനാ ആക്ഷന്‍ രംഗങ്ങളോടൊപ്പം മോഹന്‍ലാലിന്റെ ഇടിവെട്ട് പെര്‍ഫോമന്‍സും കാണാന്‍ നിങ്ങളും തീയറ്ററിലേക്ക് പോകുകയല്ലേ…

(പീറ്റര്‍ ഹെയ്ന്‍ നിങ്ങള്‍ വെറും പുലിയല്ല… പുപ്പുലിയാണ്.)

വി. ശ്രീകാന്ത്‌

Related posts