പിലിഭിത്ത്: ഭാര്യയുടെ മൃതദേഹം ചുമന്നുകൊണ്ടു പോകേണ്ടി വന്ന ദാനാമാജ്ഞിയുടെ ചിത്രം ആരും മറന്നിട്ടുണ്ടാവില്ല. അതുപോലൊരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അച്ഛന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ വലിച്ചുകൊണ്ടു പോകുന്ന മകന്റെ ചിത്രം.
ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നിന്നാണ് കരളലിയിക്കുന്ന ഈ കാഴ്ച്ച. പിലിഭിത്തിലെ മദിനാഷായിലാണ് സംഭവം. രോഗബാധിതനായ തുളസീറാമിനെയും കൊണ്ട് മകന് സൂരജ് എന്നയാള്‍ കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിക്കാണ് ആശുപത്രിയിലെത്തിയത്. എന്നാല്‍ ചികിത്സ ലഭിക്കണമെങ്കില്‍ കാത്തുനില്‍ക്കണമെന്ന മറുപടിയാണ് ആശുപത്രി അധികൃതരില്‍ നിന്നു ലഭിച്ചത്. ഒടുവില്‍ ഡോക്ടര്‍മാര്‍ എത്തിയപ്പോള്‍ സമയം പത്തിനോടടുത്തിരുന്നു. അപ്പോഴേക്ക് തുളസീറാം മരിച്ചു.
9.40നു ആശുപത്രിയിലെത്തിച്ച രോഗി 11 മണിക്ക് മരിച്ചു എന്നാണ് ആശുപത്രി അധികൃതര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ചികിത്സ നിഷേധിച്ചതിനു പിന്നാലെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും അതിനും ഫലമുണ്ടായില്ല. വാഹനങ്ങള്‍ ഒന്നും ഒഴിവില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ഒടുവില്‍ ഒരു കൈവണ്ടിയില്‍ അച്ഛന്റെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു സൂരജ്. അതേസമയം ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.