കണ്ണൂര്‍: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ നിലവാരത്തിലേക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഉയര്‍ത്തുമെന്ന് പാലക്കാട് ഡിവിഷണല്‍ മാനേജര്‍ നരേഷ് ലാല്‍വാനിയ. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ നിര്‍മാണപ്രവൃത്തികള്‍ വിലയിരുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടെയായിരുന്നു ഉന്നതസംഘത്തിന്റെ സന്ദര്‍ശനം.
സ്റ്റേഷന്‍പരിസരം പാര്‍ക്കിംഗിന് സൗകര്യമില്ലാതെ വീര്‍പ്പുമുട്ടുകയാണ്. ഇതിനു പരിഹാരമായി കിഴക്കേ കവാടത്തിനു സമീപം 1500 സ്ക്വയര്‍ മീറ്റര്‍ സ്ഥലം ഏറ്റെടുക്കുമെന്ന് നരേഷ് ലാല്‍വാനിയ പറഞ്ഞു. എസ്കലേറ്ററിന്റെ പ്രവര്‍ത്തനം ഈമാസം പൂര്‍ത്തിയാകേണ്ടതായിരുന്നു. വര്‍ക്‌ഷോപ്പില്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്തമാസത്തോടെ പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലിഫ്റ്റ്, സബ്‌വേ എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഡിസംബറോടെ കമ്മീഷന്‍ ചെയ്യാനാകും. അതിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുകയാണ്. യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
ഇതു പരിഹരിക്കാന്‍ മുന്‍വശത്തെ പഴയ കെട്ടിടം ഉടന്‍ പൊളിച്ചുമാറ്റി വീതി കൂട്ടും. നാലാം പ്ലാറ്റ്‌ഫോമിന്റെ നിര്‍മാണത്തിനുള്ള അനുമതി ഡല്‍ഹിയില്‍നിന്ന് ലഭിക്കേണ്ടതാണെന്നും അതിനുവേണ്ടി ഊര്‍ജിതമായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ യാത്രക്കാരുടെ പ്രധാനപരാതി ടോയ്‌ലറ്റ് സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. ഇതിനു പരിഹാരമായി ബയോ ടോയ്‌ലറ്റുകള്‍ ഉടന്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണെ്ടന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ നവംബറില്‍ കേരളം സന്ദര്‍ശിക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു ഡിവിഷണല്‍ മാനേജരുടെ സന്ദര്‍ശനം.
പാലക്കാട്ടുനിന്ന് പ്രത്യേക ട്രെയിനിലാണ് ഉദ്യോഗസ്ഥസംഘം കണ്ണൂരിലെത്തിയത്. എലത്തൂര്‍, കൊയിലാണ്ടി, വടകര, തലശേരി തുടങ്ങിയ സ്റ്റേഷനുകളിലും സന്ദര്‍ശനം നടത്തിയ സംഘം മംഗളൂരുവിലേക്കു പോയി. സീനിയര്‍ ഡിവിഷണല്‍ ഫിനാന്‍സ് മാനേജര്‍ ടി.ടി. ജോണ്‍, സീനിയര്‍ ഡിവിഷണല്‍ ടെലികോം എന്‍ജിനിയര്‍ എന്‍. രാമചന്ദ്രന്‍, സീനിയര്‍ ഡിവിഷണല്‍ മെക്കാനിക്ക് എന്‍ജിനിയര്‍ ഡി. വേണുഗോപാല്‍, സീനിയര്‍ ഡിവിഷണല്‍ ഓപ്പറേറ്റിംഗ് മാനേജര്‍ ശെല്‍വന്‍, കെ.പി. ദാമോദരന്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.