കലിതുള്ളി കടല്‍ : തീരദേശത്തു കടല്‍ക്ഷോഭം രൂക്ഷം; തീരദേശത്തെ പല റോഡുകളും ഭാഗികമായി തകര്‍ന്നു

alp-kadalആലപ്പുഴ: ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. അമ്പലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണത്തില്‍ മൂന്നു വീടുകള്‍ തകര്‍ന്നു. തൃക്കുന്നപ്പുഴയില്‍ റോഡ് കടലാക്രമണത്തില്‍ തകര്‍ന്നു. തീരദേശത്തെ പല റോഡുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. നൂറുകണക്കിനു വീടുകളില്‍ കടല്‍വെള്ളം കയറി. കടല്‍ഭിത്തിയില്ലാത്ത പ്രദേശങ്ങളിലാണ് കടല്‍ക്ഷോഭം മൂലം ഏറെ നാശനഷ്ടമുണ്ടായിരിക്കുന്നത്.

ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആലപ്പുഴ പടിഞ്ഞാറ്, പുറക്കാട്, പട്ടണക്കാട്, കുത്തിയതോട് വില്ലേജുകളിലായാണ് നാലു ദുരിതാശ്വാസക്യാമ്പുകള്‍ തുടങ്ങിയത്. ചേര്‍ത്തല പള്ളിത്തോട് സെന്റ് സെബാസ്റ്റിയന്‍സ് സ്കൂള്‍, അന്ധകാരനഴി ബിബിഎം എല്‍പി സ്കൂള്‍, പുറക്കാട് കരൂര്‍ ഗവ എല്‍പി സ്കൂള്‍, വാടയ്ക്കല്‍ മാധവ മെമ്മോറിയല്‍ സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുടങ്ങിയത്. 159 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിപാര്‍പ്പിച്ചു. ജില്ലയില്‍ അഞ്ചോളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. നിരവധി വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ഇന്ന് ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം കളക്ടറേറ്റില്‍ ചേരുമെന്ന് കളക്ടര്‍ അറിയിച്ചു.

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്കു പഞ്ചായത്ത് 16-ാം വാര്‍ഡില്‍ നീര്‍ക്കുന്നം പുതുവല്‍ ജോയ്, ജ്യോതി കുമാര്‍, ലീന എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. സമീപത്തെ 12 ഉം പുറക്കാട് പഞ്ചായത്തില്‍ അച്ചന്‍ കോയിക്കല്‍ മുതല്‍ വടക്കോട്ട് അഞ്ചാലും മൂടുവരെ 30 ഉം, പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കലില്‍ മൂന്നുവീടുകളും തകര്‍ച്ചാ ഭീഷണിയിലാണ്. അമ്പലപ്പുഴ വടക്ക് 15,16 വാര്‍ഡുകളിലെ സുമേഷ്, ജയ, സന്തോഷ്, പുന്നപ്ര വടക്കിലെ പൊള്ളേപ്പറമ്പില്‍ മാക്‌സ്‌വെല്‍, അറക്കല്‍ ജോയ്, പൂത്തറയില്‍ ജയമോന്‍ എന്നിവരുടെ വീടുകള്‍ ഏതുനിമിഷവും തകരുന്ന സ്ഥിതിയിലാണ്. തെരഞ്ഞെടുപ്പുദിനം ഉച്ചയോടെ ആരംഭിച്ച കടല്‍ക്ഷോഭം പിന്നീട് ശക്തിപ്രാപിക്കുകയായിരുന്നുവെന്നു തീരവാസികള്‍ പറയുന്നു. കൂറ്റന്‍ തിരമാലകള്‍ കരയിലേക്കടിച്ചുകയറി തീരം കവര്‍ന്നെടുക്കുകയായിരുന്നു. തകര്‍ന്ന വീടുകളില്‍നിന്നും സാധന സാമഗ്രികള്‍ മാറ്റി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂന മര്‍ദമാകാം കടല്‍ക്ഷോഭത്തിനു കാരണമെന്നു തീരവാസികള്‍ പറയുന്നു.

എന്നാല്‍ ഏറെ നാശനഷ്ടങ്ങളുണ്ടായിട്ടും റവന്യു അധികൃതര്‍ സ്ഥലത്തെത്തിയില്ലെന്നും അവര്‍ പരാതി ഉന്നയിച്ചു. അമ്പലപ്പുഴയില്‍ കരൂര്‍ ഗവ. എല്‍പി സ്കൂളിലാണ് ദുരിതാശ്വാസക്യാമ്പ് തുടങ്ങിയിരിക്കുന്നത്. പുറക്കാട് പഞ്ചായത്തിലെ 17, 18 എന്നീ വാര്‍ഡുകളിടെ 13 ഓളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 60 ഓളം പേര്‍ ഇവിടെയുണ്ട്. വീട് പൂര്‍ണമായി നഷ്ടപ്പെട്ടവരും, വീട് തകര്‍ച്ചാ ഭീഷണി നേരിടുന്നവരെയുമാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. പുറക്കാട് വില്ലേജ് ഓഫീസറാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

തുറവൂര്‍: ശക്തമായ കടലാക്രമണവും വെള്ളപ്പൊക്കവും തീരദേശജനതയെ ദുരിതത്തിലാക്കി. കഴിഞ്ഞ മൂന്നുദിവസമായി രാപ്പകല്‍ വ്യത്യാസമില്ലാതെ കടല്‍വെള്ളം ഇരച്ചു കയറുകയാണ്. കടല്‍ഭിത്തിയില്‍ നിന്ന് അരക്കിലോമീറ്ററോളം കിഴക്കോട്ട് ഓരുവെള്ളം കയറി കെട്ടിക്കിടക്കുകയാണ്. പള്ളിത്തോട് ചാപ്പക്കടവ് പ്രദേശത്ത് മാത്രം നൂറിലധികം വീടുകളില്‍ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇതില്‍ അറുപതോളം വീട്ടുകാരെ പള്ളിത്തോട് സെന്റ് തോമസ് എല്‍പി സ്കൂളിലും സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളിലും പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.

ചാപ്പക്കടവ് പ്രദേശത്ത് തീരദേശറോഡിനു പടിഞ്ഞാറുഭാഗം മുഴുവന്‍ വെള്ളത്തിനടിയിലാണ്. തിങ്കളാഴ്ച പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചിരുന്നു. പോലീസെത്തി അഗ്നിശമനസേനയുടെ സഹായത്തോടെ വെള്ളം പമ്പുചെയ്തു നീക്കിയെങ്കിലും വീണ്ടുമുണ്ടായ കടല്‍കയറ്റത്തില്‍ പ്രദേശം വെള്ളത്തിനടിയിലാകുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ദുരിത ബാധിതരെ ക്യാമ്പുകളിലേക്കു മാറ്റുകയായിരുന്നു. ചാപ്പക്കടവ് മത്സ്യ ഗ്യാപ്പിലൂടെയും കടല്‍ഭിത്തിക്കിടയിലൂടെയുള്ള വിടവുകളിലൂടെയുമാണു വെള്ളം കയറുന്നത്. വേലിയേറ്റ-ഇറക്ക വ്യത്യാസമില്ലാതയാണ് വെള്ളം ഇരച്ചു കയറുന്നത്. അന്ധകാരനഴി, അഴീക്കല്‍ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമാണ്.

ഇവിടെ മാത്രം 25 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിയിട്ടുണ്ട്. ചെല്ലാനം മുതല്‍ ആറാട്ടുവഴിവരെ തീരദേശറോഡിനു പടിഞ്ഞാറുഭാഗത്തെ കാന പൂര്‍ണതോതില്‍ നിര്‍മിക്കാത്തതാണ് ദുരിതത്തിനു കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്തംഗം സജിമോള്‍ ഫ്രാന്‍സിസ് ചാപ്പക്കടവ് മുതല്‍ ചെല്ലാനം അതിര്‍ത്തിവരെ 15 ലക്ഷം രൂപ മുടക്കി കാന നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുമെന്നു അറിയിച്ചു. മേഖലയിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്നലെയും നാട്ടുകാര്‍ തീരദേശപാത ഉപരോധിച്ചിരുന്നു. പ്രദേശം സന്ദര്‍ശിച്ച കെ.സി. വേണുഗോപാല്‍ എംപിക്കു നേരേയും ദുരിത ബാധിതരുടെ രോഷപ്രകടനമുണ്ടായി. പള്ളിത്തോട്ടിലെ ദുരിതാശ്വാസക്യാമ്പില്‍ 150പേരും അന്ധകാരനഴിയിലെ ക്യാമ്പില്‍ 60 പേരുമാണുള്ളത്.

ചേര്‍ത്തല: ശക്തമായ വേനല്‍ മഴയോടൊപ്പം കടലും കയറിയതോടെ തീരവാസികള്‍ ദുരിതത്തിലായി. ചേന്നവേലി ആയിരംതൈ, തൈക്കല്‍, ഒറ്റമശേരി, പള്ളിത്തോട് മേഖലകളിലാണു കടല്‍വെള്ളം ഇരച്ചു കയറിയിരിക്കുന്നത്. കടല്‍നിരപ്പ് വന്‍തോതില്‍ ഉയരുകയും ആഞ്ഞടിക്കുന്ന തിരമാല കരയിലേക്കു കയറുകയുമാണ്. നൂറുമീറ്ററോളംവരെ കരയിലേക്കു കയറുന്ന കടല്‍വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതാണ് നൂറുകണക്കിനു കുടുംബങ്ങള്‍ക്കു ക്ലേശമാവുന്നത്.

കടല്‍വെള്ളവും മാലിന്യങ്ങളും അടിഞ്ഞുകൂടിയ വെള്ളത്തിലാണ് വീടുകള്‍ അകപ്പെട്ടിരിക്കുന്നത്. മത്സ്യബന്ധനതുറമുഖത്തിന് പുലിമുട്ട് നിര്‍മിച്ചതിന്റെ സമീപഭാഗങ്ങളില്‍ കടല്‍ക്കയറ്റം അതിശക്തമാണ്. വര്‍ഷങ്ങളായി വെള്ളക്കെട്ടിന്റെ കെടുതി ഇവിടെ അനുവപ്പെടുന്നു. കടല്‍ഭിത്തി തകര്‍ന്നയിടങ്ങളും പ്രശ്‌നബാധിതമാണ്. വെള്ളം കടലിലേക്കു തിരിച്ചൊഴുകിപ്പോകുന്നതിന് സംവിധാനം ഒരുക്കുകയാണ് പോംവഴി. മഴയുടെ ഭാഗമായി കാറ്റടിച്ചാല്‍ കടല്‍കയറ്റം ഉറപ്പാണ്. തീരവാസികളുടെ കക്കൂസും അടുക്കളയും മറ്റും വെള്ളത്തിലായ അവസ്ഥയാണ്. മലിനീകരണം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയും തീരത്ത് ശക്തമാണ്. മണ്ഡലത്തിലെ മൂന്നുമുന്നണികളിലേയും സ്ഥാനാര്‍ഥികളും റവന്യു ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഹരിപ്പാട്: ആറാട്ടുപുഴ – തൃക്കുന്നപ്പുഴ തീരദേശമേഖലകളില്‍ കടലാക്രമണം രൂക്ഷം. നൂറുകണക്കിനു വീടുകളില്‍ വെള്ളം കയറി. പല സ്ഥലങ്ങളിലും കടല്‍ഭിത്തിയ്ക്ക് മുകളിലൂടെ തിരമാലകള്‍ കരയിലേയ്ക്ക് അടിച്ചുകയറുകയായിരുന്നു. പെരുമ്പള്ളി, ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡ്, തൃക്കുന്നപ്പുഴയിലെ മൂത്തേരി ജംഗ്്ഷന്‍, ചേലക്കാട്, പല്ലനപ്രദേശങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷമായിരിക്കുന്നത.്

തൃക്കുന്നപ്പുഴ തീരദേശ റോഡ് തകര്‍ന്നു. അടുത്തിടെ പുനര്‍നിര്‍മാണം നടത്തിയ റോഡായിരുന്നു ഇത്. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് തീരദേശറോഡിലെ ഗതാഗതം നിലച്ചു. കടലോരത്ത് സൂക്ഷിച്ചിരുന്ന തെര്‍മോകോള്‍ വള്ളങ്ങള്‍ ഒഴുകി പോയി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്നതിനാല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങളില്‍ വൈകിയായിരുന്നു എത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ഉദ്യോസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു.

Related posts