കൊല്ലം: കിളികൊല്ലൂരില്‍ റോഡരുകില്‍ മാലിന്യം തള്ളിയത് പരിസരവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടായി. പഴയ ബസ്റ്റാന്‍ഡ് ചാത്തിനാംകുളം തൈയ്ക്കാവ് മുക്ക് റോഡില്‍ നിന്നും അംബേദ്കര്‍ കോളനിയിലേക്ക് കയറുന്ന ഇട റോഡിലാണ് മാലിന്യങ്ങള്‍ തള്ളിയത്. ചാക്കില്‍ കെട്ടിയ നിലയില്‍ കോഴി വേസ്റ്റാണ് തള്ളിയത്. വാഹനത്തിലെത്തിച്ച ശേഷം റോഡിന്റെ പല ഭാഗത്തായി മാലിന്യം നിക്ഷേപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
വീടുകള്‍ക്ക് മുന്നിലും മറ്റുമായാണ് മാലിന്യം നിക്ഷേപിച്ചത്. തെരുവ് നായ്ക്കള്‍ ഇവ കടിച്ചുകീറി പല ഭാഗത്തായി ഇടുകയും ചെയ്തു. അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ യാത്രക്കാര്‍ക്ക് വഴി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഡിവിഷന് കൗണ്‍സിലര്‍ എ നിസാര്‍ സ്ഥലത്തെത്തി മാലിന്യം നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
മാലിന്യം സമീപത്തെ പുരയിടത്തില്‍ കുഴിയെടുത്ത് മൂടി. ഇവിടെ പല ഭാഗത്തും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവാണ്. ഇതുമൂലം തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. മാലിന്യ നിക്ഷേപത്തിനെതിരേ രാത്രികാലങ്ങളില്‍ പോലിസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.