മുംബൈ: ന്യൂസിലന്‍ഡിനെതിരേയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ടീമില്‍ സ്ഥാനം നിലനിര്ത്തിയതുമാത്രമാണു ടീമിലെ സവിശേഷത. മൂന്നു ടെസ്റ്റ് മത്സരങ്ങളാണു പരമ്പരയിലുള്ളത്. ഈ മാസം 22 മുതലാണ് ടെസ്റ്റ് ആരംഭിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന പതിനഞ്ചു പേരും സ്ഥാനം നിലനിര്‍ത്തി. എന്നാല്‍, ആ സംഘത്തിലുണ്ടായിരുന്ന പേസര്‍ ഷാര്‍ദുല്‍ താക്കുര്‍, ഓള് റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി എന്നിവരെ പുറത്താക്കി.
ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്നു ടെസ്റ്റും അഞ്ച് ഏകദിനങ്ങളുമാണള്ളത്. സന്ദര്‍ശകര്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കു മുന്നോടിയായി ന്യൂഡല്‍ഹിയില്‍ വച്ച് മുംബൈക്കെതിരേ ത്രിദിന മത്സരത്തില്‍ ഇറങ്ങുന്നുണ്ട്. 16 മുതല്‍ 18 വരെയാണ് മത്സരം.മൂന്നു ടെസ്റ്റുകള്‍ കാണ്‍പുര്‍ (22-26), കോല്‍ക്കത്ത (30- ഒക്ടോബര്‍ 4), ഇന്‍ഡോര്‍ (ഒക്ടോബര്‍ 8-12) എന്നിവിടങ്ങളിലാണ് നടക്കുന്നത്. ഇതിനുശേഷമുള്ള ഏകദിനങ്ങള്‍ ധര്‍മശാല, ന്യൂ ഡല്‍ഹി, ചണ്ഡിഗഡ്, റാഞ്ചി, വിശാഖപട്ടണം എന്നിവിടങ്ങളില്‍ 16, 20, 23, 26, 29 തീയതികളില്‍ നടക്കും.
ടെസ്റ്റില്‍ പ്രതീക്ഷയ്ക്കൊപ്പം തിളങ്ങാനാവാത്ത രോഹിതിനെ ന്യൂസിലന്‍ഡിനെതിരേയുള്ള പരമ്പരയില്നിന്ന്ഒഴിവാക്കുമെന്നാണ് കരുതിയത്. എന്നാല്‍ സെലക്ഷന് കമ്മിറ്റി ചെയര്മാന് സന്ദീപ് പാട്ടീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രോഹിതിനെ ഉള്‍പ്പെടുത്തുകയാണുണ്ടായത്. മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ത്യന്‍ പരിശീലകന് അനില്‍ കുംബ്ലെ, നായകന് വിരാട് കോഹ്ലി എന്നിവരും സന്നിഹിതരായിരുന്നു.
ഈ സംഘം മികച്ച പ്രകടനമാണുനടത്തുന്നത്. ന്യൂസിലന്‍ഡിനെതിരേയുള്ള പരമ്പരയ്ക്കുള്ള ഏറ്റവും മികച്ച സംഘവും ഇതാണെന്ന് തങ്ങള്‍ക്ക് ഒരേ അഭിപ്രായമാണ്- പാട്ടീല്‍ പറഞ്ഞു. നിലവിലെ ടീം സെലക്ഷന് കമ്മിറ്റിയില്‍ പാട്ടീല്‍ അധ്യക്ഷനായുള്ള അവസാന യോഗമായിരുന്നു മുംബൈയില്‍ നടന്നത്.
നടന്നുകൊണ്ടിരിക്കുന്ന ദുലീപ് ട്രോഫിയില്‍ തുടര്‍ച്ചയായി നാലു അര്‍ധ സെഞ്ചുറി നേടി മികച്ച ഫോമിലുള്ള ഓപ്പണിംഗ് ബാറ്റ്സ്മാന് ഗൗതം ഗംഭീറിനെ പരിഗണിച്ചതേയില്ല. പകരം സെലക്ഷന് കമ്മിറ്റി ധവാനൊപ്പം നിന്നു. രോഹിതിനൊപ്പം ധവാന്റെ സ്ഥാനവും തെറിക്കുമെന്നാണു കരുതിയത്. ധവാന്റെ മികച്ച രീതിയിലുള്ള തിരിച്ചുവരവ് തങ്ങള്‍ക്ക് ആവശ്യമാണ്. അദ്ദേഹം മാത്രമല്ല പതിനഞ്ചു പേരും മികച്ച ഫോമിലെത്തണം. പതിനഞ്ചുപേരിലും തങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്.ലോകേഷ് രാഹുല്‍ എങ്ങനെയാണ് സീനിയര്‍ ടീമില്‍ നിലനിന്നത് എന്നതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. ഗംഭീറിന്റെ പേര് മാത്രമല്ല പല സീനിയര്‍ കളിക്കാരുടെ പേരും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയില്ല. ഞങ്ങള്‍ മുതിര്‍ന്ന കളിക്കാരെ മറന്നതല്ല, നിരവധി കളിക്കാരെക്കുറിച്ച് ചര്‍ച്ച നടത്തി. പക്ഷേ ഈ പരമ്പരയ്ക്ക് പതിനഞ്ചു പേരെയേ ഉള്‍പ്പെടുത്താനാകൂ. ഇന്ത്യക്കു മുപ്പതിലധികം വരുന്ന മികച്ച കളിക്കാരുടെ സംഘമുണെ്ടന്നതില് സന്തോഷം തോന്നുന്നു- പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റില്‍ തുടര്‍ച്ചയായി പരാജയമാകുന്ന രോഹിതില്‍ നായകന് കോഹ്ലിക്കുള്ള വിശ്വാസമാണ് ടീമില്‍ മുംബൈ താരത്തിന്റെ സ്ഥാനം നിലനിര്‍ത്താനായത്. ഏകദിന സ്പെഷലിസ്റ്റായ രോഹിതില്നിന്നു ടെസ്റ്റില്‍ ദീര്‍ഘ ഇന്നിംഗ്സാണു കോഹ്ലി പ്രതീക്ഷിക്കുന്നത്. ഏകദിനത്തില്‍ മികച്ച റിക്കാര്‍ഡുള്ള രോഹിതിനു ടെസ്റ്റില്‍ ആ മികവ് തുടരാനായില്ല. ഇതുവരെ 18 ടെസ്റ്റില്‍ മാത്രമാണുമുംബൈ താരം ഇറങ്ങിയത്. 2013ല്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലാണ് രോഹിത് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ 177 റണ്‍സ് നേടിയ രോഹിതിന് ബാറ്റിംഗില്‍ സ്ഥിരതയില്ലായ്മയെത്തുടര്ന്ന് ടീമില്‍ സ്ഥിരം സ്ഥാനം ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമിലും രോഹിത് സ്ഥാനം പിടിച്ചിരുന്നു. നാലു മത്സരങ്ങളില്‍ രണെ്ടണ്ണത്തില്‍ മാത്രമേ മുംബൈ ബാറ്റ്സ്മാന് ഇടംനേടാനായുള്ളൂ. ഒരു ടെസ്റ്റ് മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്തു. മൂന്നാം ടെസ്റ്റില്‍ ബാറ്റിംഗിനിറങ്ങിയ രോഹിത് രണ്ട് ഇന്നിംഗ്സിലുമായി 9, 41 റണ്‍സ് എടുത്തു.
ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ദുലീപ് ട്രോഫി ഫൈനലിന്റെ ഒന്നാം ഇന്നിംഗ്സിലും ഇന്ത്യ ബ്ലൂവിനായി ഇറങ്ങിയ രോഹിത് ബാറ്റിംഗില്‍ ശോഭിക്കാനായില്ല; 30 റണ്‍സ് മാത്രമാണ് സേ്കോര്‍ ചെയ്യാനായത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ധവാന് ഭേദപ്പെട്ട പ്രകടനമാണു കാഴ്ചവച്ചത്.ഇന്ത്യ ടെസ്റ്റ് ടീം- വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, മുരളി വിജയ്, ശിഖര്‍ ധവാന്, രോഹിത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര, ഉമേഷ് യാദവ്.