കേച്ചേരി ആക്ട്‌സിന്റെ ജീവന്‍ രക്ഷാ യാത്രയ്ക്ക് 14 വയസ്

TCR-KECHERYറസാക്ക് കേച്ചേരി
കേച്ചേരി: അപകടങ്ങളില്‍ 24 മണിക്കൂറും ആംബുലന്‍സിന്റെ സഹായത്തോടെ ആക്ട്‌സ് കേച്ചേരി ശാഖ നടത്തുന്ന ജീവന്‍ രക്ഷായാത്രക്ക് 14 വയസ് പൂര്‍ത്തിയാവുന്നു. 14 വര്‍ഷത്തിനിടയില്‍ 6000ഓളം റോഡപകടങ്ങളില്‍ നിന്നും 2000ഓളം അത്യാഹിതങ്ങളില്‍ നിന്നും ആയിരക്കണക്കിന് മനുഷ്യജീവനുകളാണ് കേച്ചേരിയിലെ ആക്ട്‌സ് പ്രവര്‍ത്തകര്‍ രക്ഷിച്ചെടുത്തത്. 2000 മേയ് എട്ടിന് ഫാ. ഡേവിസ് ചിറമ്മലിന്റെ കഠിനാധ്വാന ഫലമായി ജില്ലയില്‍ തൃശൂര്‍ സ്ഥാനമാക്കി ആക്ട്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നത്. തുടര്‍ന്ന് 2002 ഏപ്രില്‍ നാലിനാണ് ചൂണ്ടല്‍ പഞ്ചായത്തിലെ കേച്ചേരിയില്‍ ആക്ട്‌സ് പ്രവര്‍ത്തനം തുടങ്ങുന്നത്.

ആക്ട്‌സ് കേച്ചേരി ശാഖയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ചൂണ്ടല്‍, കണ്ടാണശേരി, കൈപ്പറമ്പ്, കടവല്ലൂര്‍, കടങ്ങോട്, ചൊവ്വന്നൂര്‍, വേലൂര്‍ പഞ്ചായത്തുകളിലും കുന്നംകുളം മുനിസിപ്പാലിറ്റിയിലുമായി 20ഓളം ആക്ട്‌സ് യൂണിറ്റുകളാണ് രൂപീകരിച്ചത്.

സൗജന്യ നേത്രപരിശോധന ക്യാമ്പ്, ഹൃദയ ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ്, വൃക്കരോഗ നിര്‍ണയ ക്യാമ്പ്, ആയുര്‍വേദ-ആലോപ്പതി മെഡിക്കല്‍ ക്യാമ്പുകള്‍, ട്രാഫിക് ബോധവത്കരണ ക്യാമ്പുകള്‍, സ്കൂളുകളിലും കോളജുകളിലും അപകട സുരക്ഷാ ക്യാമ്പുകള്‍ എന്നിവയും ആക്ട്‌സ് കേച്ചേരി ശാഖ സംഘടിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ ഏറ്റവും ഒടുവിലായി തിരുവനന്തപുരം ആര്‍സിസിയുടേയം ഒറ്റപ്പാലം വെല്‍ഫെയര്‍ ട്രസ്റ്റിന്റെയും സഹായത്തോടെ ചൂണ്ടല്‍ പഞ്ചായത്തിലെ എട്ടു കേന്ദ്രങ്ങളില്‍ കാന്‍സര്‍ ബോധവത്കരണ ക്ലാസുകളും കേച്ചേരി ജ്ഞാനപ്രകാശിനി യുപി സ്കൂളില്‍ കാന്‍സര്‍ പരിശോധനാ ക്ലാസും നടത്തി.

രോഗികള്‍ക്ക് വാട്ടര്‍ബെഡ്, എയര്‍ബെഡ്, വീല്‍ചെയര്‍, വാക്കര്‍ എന്നീ ജീവന്‍രക്ഷാ ഉപകരണങ്ങളും സൗജന്യമായി നല്‍കുന്നുണ്ട്. മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഐഎംഎ ബ്ലഡ് ബാങ്കിന്റെ അവാര്‍ഡുകള്‍ പലതവണ ലഭിച്ചിട്ടുള്ള ആക്ട്‌സ് കേച്ചേരി ശാഖയില്‍ ഓര്‍ഡിനറി ലൈഫ്, ഇന്‍സ്റ്റിറ്റിയൂഷണല്‍, ബെനഫാക്ടര്‍ എന്നീ വിഭാഗങ്ങളില്‍ 2668 അംഗങ്ങളാണ് ഉള്ളത്. കുന്നംകുളം സിഐ കൃഷ്ണദാസ് പ്രസിഡന്റും ജോസ് പോള്‍ ടി വര്‍ക്കിംഗ് പ്രസിഡന്റും ജിസണ്‍ ചൂണ്ടല്‍ സെക്രട്ടറിയുമായുള്ള സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

2016 ആക്ട്‌സിനെ സംബന്ധിച്ചിടത്തോളം കാരുണ്യവര്‍ഷം കൂടിയാണ്. നാളെ വൈകിട്ട് അഞ്ചിന് കേച്ചേരി ജ്ഞാനപ്രകാശിനി യുപി സ്കൂളില്‍ ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്യുന്ന 14-ാം വാര്‍ഷിക സമ്മേളനത്തില്‍ ഭൂമി സമര്‍പ്പണവും നടക്കും.

Related posts