തൃശൂര്‍: കഴിഞ്ഞ സര്‍ക്കാര്‍ റെയില്‍വേയുമായി ഒപ്പുവച്ച ധാരണാപത്രവുമായി മുന്നോട്ടു പോകുമെന്ന് പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ പ്രഖ്യാപിച്ചതോടെ കേരളത്തിലും അതിവേഗ ട്രെയിനായ ‘ടാല്‍ഗോ’ എത്തിയേക്കും.മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ പായുന്നതാണ് ഇന്ത്യന്‍ റെയില്‍വേ സ്പെയിനിലെ ‘ടാല്‍ഗോ’ കമ്പനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത സെമി ഹൈസ്പീഡ് ട്രെയിന്‍. ഈ ട്രെയിന്‍ കേരളത്തിലൂടെ ഓടാന്‍ അതിവേഗ പാതയുണ്ടാക്കിയാല്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് 430 കിലോമീറ്റര്‍ രണ്ടു മണിക്കൂറുകൊണ്ട് എത്തുമെന്നാണ് അവകാശവാദം.
അതിവേഗ പാതയും നിലവിലുള്ള പാത നാലുവരിയാക്കുന്നതും പരിഗണിക്കുമെന്ന് ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിലും വ്യക്തമാക്കിയിരുന്നു. ഇതോടെ റെയില്‍വേയുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ യാഥാര്‍ഥ്യമായാല്‍ 2026 ആകുമ്പോഴേക്കും ടാല്‍ഗോ കേരളത്തിലൂടെ ഓടും. ഈ പ്രത്യേക പാതയ്ക്ക് കരാര്‍ പ്രകാരം തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഒമ്പതു സ്റ്റേഷനുകളാണ് നിര്‍മിക്കുക. ട്രെയിനിന്റെ പരമാവധി വേഗം 300 കിലോമീറ്ററും ശരാശരി വേഗത 250 കിലോമീറ്ററുമാണ്. സംസ്ഥാന നികുതികള്‍ കൂടാതെ 1,27,849 കോടി രൂപയാണ് ഈ പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂര്‍ത്തിയായാല്‍ 95,000 യാത്രക്കാര്‍ക്കും 2040ല്‍ 1,73,000 യാത്രക്കാര്‍ക്കും പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ നിലവിലുള്ള റെയില്‍പാതയില്‍ നിന്നും നാലു മുതല്‍ എട്ടു കിലോമീറ്റര്‍ വരെ കിഴക്കു മാറിയാണ് അതിവേഗ റെയില്‍പാത കടന്നു പോകുക. ഇതൊരു പ്രത്യേക പദ്ധതിയായതിനാല്‍ കണ്ണൂരിനും തിരുവനന്തപുരത്തിനുമിടയില്‍ കേരളത്തിലനകത്ത് യാത്ര ചെയ്യുന്നവര്‍ക്കു മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കൂ. ഈ പദ്ധതി നടപ്പാക്കാന്‍ താമസം നേരിടുമെന്നുള്ളതിനാല് നിലവിലുള്ള പാതകളിലൂടെ അതിവേഗ ടാല്‍ഗോ ട്രെയിനുകള്‍ ഓടിക്കാനും ശ്രമം നടത്തുന്നുണ്ട്. നിലവില്‍ ടാല്‍ഗോ ട്രെയിന്‍ ഉപയോഗിച്ച് നടത്തുന്ന പരീക്ഷണ ഓട്ടം വിജയകരമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ നിലവിലുള്ള വളവും തിരിവുമുള്ള റെയില്‍പാതകളിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സുരക്ഷിതമായി ടാല്‍ഗോ ഓടിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇത് തെളിയിക്കുന്നതിനായി ഒമ്പത് കോച്ചുകളുള്ള ഒരു ട്രെയിന്‍ സ്പെയിനില്‍ നിന്നും കപ്പല്‍ മാര്‍ഗം മുംബൈയില്‍ എത്തിച്ചിട്ടുണ്ട്. ഈ ട്രെയിനിന്റെ പരീക്ഷണയോട്ടത്തിന്റെ ഒന്നും രണ്ടും ഘട്ടം റെയില്‍വേ പൂര്‍ത്തിയാക്കി കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലാണ് ടാല്‍ഗോ പാഞ്ഞത്. ഇന്ത്യയില്‍ നിലവിലുള്ള പാതകളില്‍ കാര്യമായ മാറ്റമൊന്നും വരുത്താതെയാണ് പരമാവധി മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയുമെന്നാണ് ഇതുവരെയുള്ള പരീക്ഷണങ്ങള്‍ നല്കുന്ന സൂചന. ഇങ്ങനെയെങ്കില്‍ കേരളത്തില്‍ ഇരട്ട റെയില്‍പാതകള്‍ നാലുവരിയാക്കി രണ്ട് പാതകളിലൂടെ ടാല്‍ഗോ ട്രെയിന്‍ ഓടിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടി. സംസ്ഥാനത്തെ നിലവിലുള്ള റെയില്‍പാതകള്‍ നാലുവരിയാക്കുന്ന പദ്ധതി വേഗത്തില്‍ നടപ്പാക്കി ടാല്‍ഗോ ട്രെയിനുകള്‍ ഓടിക്കാന്‍ നടപടികളെടുക്കണമെന്ന് തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി പി.കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.