കൊച്ചി: കേന്ദ്രം ഭരിക്കുന്നുവെന്ന കാരണത്താല്‍ കേരളത്തില്‍ ബിജെപിയോടു മൃദുസമീപനം സ്വീകരിക്കുന്നവര്‍ നാളെ ദുഃഖിക്കുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപി ശക്തിപ്പെടുന്നതു സമാധാന ജീവിതത്തിന് ആപത്താണ്. ബിജെപി വളരാതിരിക്കാന്‍ എല്ലാ മതേതര ശക്തികളും ഒന്നിക്കണം. അക്കൗണ്ട് തുറക്കുന്നതു മാത്രമല്ല, അവര്‍ ശക്തിപ്പെടുന്നതുപോലും അപകടമാണ്. കൊല്ലത്തു വെടിക്കെട്ട് അപകടമുണ്ടായപ്പോള്‍ മോദി ഓടിയെത്തി. എന്നാല്‍, ഈ അപകടത്തെ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് ഇന്നും കണ്ണടയ്ക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേരളത്തോടു വല്ലാത്ത സ്നേഹം കാട്ടുകയാണു മോദിയെന്നും ആന്റണി പറഞ്ഞു.
കേരളത്തെ ഗുജറാത്ത് അക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ദയവു ചെയ്തു പ്രധാനമന്ത്രി കേരളത്തെ ഗുജറാത്ത് ആക്കരുതെന്നും ആന്റണി പരിഹസിച്ചു. ഞങ്ങള്‍ സൗഹാര്‍ദമായി, തമ്മില്‍ തല്ലാതെ, ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മിലടിക്കാതെ ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്, ഇഷ്ടമുള്ള വേഷങ്ങള്‍ ധരിച്ചു ജീവിച്ചോട്ടെ, കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ കേരള പര്യടനം തീര്‍ത്തും നിരാശാജനകമാണ്. സംസ്ഥാനത്തിനു പ്രതീക്ഷിക്കത്തക്ക ഒരു പ്രഖ്യാപനവും അദ്ദേഹത്തില്‍നിന്ന് ഉണ്ടായിട്ടില്ല. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവിനെത്തുടര്‍ന്ന് കാര്‍ഷിക കേരളം നട്ടെല്ല് തകര്‍ന്ന സ്ഥിതിയിലാണ്. കൃഷിക്കാര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ആശ്രയിച്ചു നില്‍ക്കുകയാണ്. മത്സ്യ, റബര്‍, ഏലം കര്‍ഷകരും ദുരിതത്തിലാണ്.
യുവജനങ്ങള്‍ പതിനായിരം കോടി രൂപയുടെ പ്രഖ്യാപനം കേട്ട് അത് എത്രയും വേഗം നടപ്പാകുമെന്നു പ്രതീക്ഷിച്ചിരിക്കുകയാണ്. സ്വഛ് ഭാരതത്തിന്റെ കാര്യത്തില്‍ പ്രഖ്യാപനം മാത്രമാണ് ഉണ്ടായിട്ടുള്ളത്. 2022 ആകുമ്പോള്‍ ഇന്ത്യയിലെ കൃഷിക്കാരുടെ വരുമാനം ഇരട്ടിക്കുമെന്നാണു കേരളത്തിലെത്തിയ മോദിയുടെ ഏറ്റവും വലിയ പ്രഖ്യാപനം. ഇപ്പോള്‍ പട്ടിണികിടന്നു കഷ്ടപ്പെട്ടാല്‍ 2020ല്‍ ഇരട്ടി വരുമാനമുണ്ടാക്കാമെന്നു പറയുന്നതു ജനത്തെ അപമാനിക്കാനാണ്. റബര്‍ വില കുത്തനെ ഇടിഞ്ഞു. റബര്‍ കര്‍ഷകരെ സഹായിക്കാന്‍ കേരളത്തിലെ എംപിമാരും എംഎല്‍എമാരും കേന്ദ്രത്തോട് 500 കോടിയുടെ സഹായം ആവശ്യപ്പെട്ടു.
നാളികേര കൃഷിക്കാരെ സഹായിക്കാന്‍ ധനസഹായമുണ്ടായിട്ടില്ല. മത്സ്യത്തൊഴിലാളികളെ ഇത്രയേറെ ദ്രോഹിച്ച ഒരു സര്‍ക്കാര്‍ വേറെ ഉണ്ടായിട്ടില്ല. അടക്ക കൃഷിക്കാരുടെ കാര്യം എന്റെ മനസില്‍ ഉണെ്ടന്നാണു പറയുന്നത്. ഇനി മനസില്‍നിന്നു പുറത്തേക്കു വരണം. സാക്ഷര കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളോട് ഇങ്ങനെ വാഗ്ദാനങ്ങളുടെ പെരുമഴ എന്തിനാണ്. ഇനിയും ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തരുതെന്നും ആന്റണി പറഞ്ഞു.
മഞ്ചേശ്വരത്തും കാസര്‍ഗോട്ടും മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. എന്നാല്‍, ഈ രണ്ടു മണ്ഡലങ്ങളിലും വിജയം നേടുമെന്നാണു യുഡിഎഫ് പ്രതീക്ഷിക്കുന്നത്. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ യുഡിഎഫില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പ്രചരണരംഗത്ത് ആദ്യം തങ്ങള്‍ അല്പം പിന്നിലായിരുന്നു. പിന്നീട് ഒപ്പത്തിനൊപ്പമായി. ഇപ്പോള്‍ ഒരുപടി മുന്നിലാണ്. പെരുമ്പാവൂര്‍ വിഷയത്തില്‍ അടിയന്തരമായി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെ നിയമത്തിനു മുന്പില് കൊണ്ടുവ രണം. ലൈംഗിക പീഡന കേസിലെ പ്രതികളെ ദയവില്ലാതെ ശിക്ഷിക്കണമെന്നാണ് അഭിപ്രായമെന്നും ആന്റണി പറഞ്ഞു.