കൊല്ലത്തു നടന്‍ മുകേഷ് സിപിഎം സ്ഥാനാര്‍ഥി ? സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം

Mukesh കൊല്ലം: കൊല്ലം അസംബ്ലി മണ്ഡലത്തില്‍ സിനിമാതാരം മുകേഷിനെ സിപിഎം സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.  സിറ്റിംഗ് എംഎല്‍എ പി.കെ. ഗുരുദാസനു സീറ്റ് നിഷേധിച്ചതില്‍ കഴിഞ്ഞ ദിവസം ജില്ലയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗുരുദാസന് അനുകൂല പോസ്റ്ററുകളും കൊല്ലം, കുണ്ടറ നിയോജക മണ്ഡലങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെടുകയുണ്ടായി. ഗുരുദാസനു പകരം കൊല്ലത്തേക്ക് ദേശാഭിമാനി രാഷ്ട്രീയകാര്യ ലേഖകന്‍ ആര്‍.എസ്. ബാബുവിനെയാണു പരിഗണിച്ചിരുന്നത്.

എന്നാല്‍ ബാബുവിനെതിരേ രൂക്ഷവിമര്‍ശനമടങ്ങുന്ന പോസ്റ്ററുകള്‍ ഇന്നലെ കൊല്ലത്ത് പ്രത്യക്ഷപ്പെട്ടു. പാര്‍ട്ടി ജില്ലാ നേതൃത്വവും ആര്‍.എസ്. ബാബുവിന്റെ പേരിനെ അനുകൂലിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് മുകേഷിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. നേരത്തേ മുകേഷിനെ ഇരവിപുരത്തു മത്സരിപ്പിക്കാനാണ് സിപിഎം ആലോചിച്ചിരുന്നത്. ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കാനായിരുന്നു ആലോചന. മുകേഷിന്റെ പേര് ഉള്‍പ്പെടുത്തിയ കൊല്ലത്തെ പട്ടിക ഇന്നുതന്നെ സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയ്ക്കായി അയയ്ക്കും.

Related posts