കളമശേരി: എറണാകുളം ഗവ.മെഡിക്കല്‍ കോളജില്‍ സൈക്യാട്രിക് വിഭാഗത്തില്‍ കഴിഞ്ഞ ദിവസം വകുപ്പു തലവന്‍ വിരമിച്ചത് പിജി വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കി. ആറ് പിജി വിദ്യാര്‍ഥികളാണ് ഇതുമൂലം പ്രശ്നത്തിലായത്. എന്നാല്‍ ഒരു പ്രഫസറും അസിസ്റ്റന്റ് പ്രഫസറുമാണ് മെഡിക്കല്‍ കോളജില്‍ ഉണ്ടായിരുന്നത്. എംസിഎ നിയമപ്രകാരം പ്രഫസറായിട്ടുള്ള ഒരു ഡോക്ടര്‍ക്ക് രണ്ട് പിജി വിദ്യാര്‍ഥികള്‍ക്കു ഗൈഡ് ആകാമെന്നാണ്. ഇതില്‍ സൈക്യാട്രിക് വിഭാഗത്തില്‍ തലവനായിരുന്ന പ്രഫസര്‍ കഴിഞ്ഞ ദിവസം വിരമിച്ചതോടെ ഗൈഡ് ഇല്ലാതെ മന:ശാസ്ത്രം പ്രത്യേക വിഷയമായെടുത്തവര് ബുദ്ധിമുട്ടുകയാണ്.
ഒരു വിദ്യാര്‍ഥിയെ ഗൈഡ് ചെയ്യണമെങ്കില്‍ക്കൂടി അസോസിയേറ്റ് ആയിട്ടുള്ള പ്രഫസര്‍ വേണമെന്നിരിക്കെ ഒരു അസിസ്റ്റന്റ് പ്രഫസര്‍ മാത്രമാണു നിലവില്‍ വിദ്യാര്‍ഥികള്‍ക്കുള്ളത്. പഠനത്തിനും സിലബസിലെ പ്രധാന ഭാഗമായ പ്രബന്ധം തയാറാക്കുന്നതിനും പിജി യോഗ്യതയുള്ള ഡോക്ടര്‍മാര്‍ വേണം. സൈക്യാട്രിക് വിഭാഗമുണ്ടെന്നു കാണിച്ചാണു മെഡിക്കല്‍ കോളജില്‍ പിജിയ്ക്ക് അഡ്മിഷന് നല്‍കുന്നത്. ഒരു ബാച്ചില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കു വച്ച് ആറുപേര്‍ നിലവില്‍ എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ്.
പ്രോജക്ട് സബ്മിഷനും പ്രായോഗിക പഠനത്തിനും വഴിയില്ലാതായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിരമിച്ച പ്രഫസറായിരുന്നു ഇത്രയുംകാലം എല്ലാത്തിനും മേല്‍നോട്ടം വഹിച്ചിരുന്നത്. അതേസമയം തിരുവനന്തപുരത്ത് നിന്ന് ഒരു ഡോക്ടറെ എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ സൈക്യാട്രിക് വിഭാഗത്തിലേക്ക് കഴിഞ്ഞ ആഴ്ച ട്രാന്‍സ്ഫര്‍ ചെയ്തതായി സൂചനയുണ്ട്. എന്നാല്‍ ഇതുവരെയും മെഡിക്കല്‍ കോളജില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.