ഗുരുവായൂര്‍ ഏകാദശി: വിളക്കാഘോഷങ്ങള്‍ക്കു നാളെ തിരി തെളിയും

TCR-GURUVAYOORഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായി നടക്കുന്ന വിളക്കാഘോഷങ്ങള്‍ക്ക് നാളെ തിരി തെളിയും. നാളെ മുതല്‍ ഒരുമാസക്കാലം ക്ഷേത്രനഗരി ഉത്സവ ലഹരിയിലാവും. വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ വഴിപാടായി 30ദിവസം ചുറ്റുവിളക്കുണ്ടാവും. ഏകാദശി ദിവസം ഗുരുവായൂര്‍ ദേവസ്വത്തിന്റെ വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമാണ്. നാളെ പാലക്കാട് പറമ്പോട്ട് അമ്മിണി അമ്മയുടെ വക ചുറ്റുവിളക്കോടെയാണ് വിളക്കാഘോഷങ്ങളുടെ തുടക്കം.

ദശാബ്ദങ്ങളായി വിളക്കാഘോഷം തുടങ്ങുന്നത് പറമ്പോട്ട് അമ്മിണി അമ്മയുടെ വിളക്കാഘോഷത്തോടെയാണ്. അവസാന ദിവസങ്ങളില്‍ പുരാതന തറവാട്ടുകാരുടെ വക വിളക്കാഘോഷമാണ്. വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ മേളത്തോടെയുള്ള ശീവേലി എഴുന്നള്ളിപ്പ് നടക്കും. രാത്രി വിശേഷാല്‍ ഇടക്ക വാദ്യം, നാദസ്വരം എന്നിവയോടെയുള്ള വിളക്കെഴുന്നള്ളിപ്പ്, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ എന്നിവയുണ്ടാവും.

ഏകാദശിയോടനുബന്ധിച്ചുള്ള പ്രശസ്തമായ ചെമ്പൈ സംഗീതോത്സവം 25ന്് തുടങ്ങും. 26 മുതലാണ് സംഗീതാര്‍ച്ചനകള്‍ ആരംഭിക്കുക. തുടക്കക്കാര്‍ മുതല്‍ പ്രഗത്ഭര്‍ വരെ ഗുരുവായൂരപ്പന് മുമ്പില്‍ സംഗീതാര്‍ച്ചന നടത്താനെത്തും. 26മുതല്‍ ഡിസംബര്‍ അഞ്ചുവരെ വൈകിട്ട് ആറു മുതല്‍ ഒമ്പതുവരെ വിശേഷാല്‍ കച്ചേരികളും ഡിസംബര്‍ ആറുമുതല്‍ 10വരെ വൈകിട്ട് ആറുമുതല്‍ ഏഴര വരെ അരമണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള കച്ചേരികളും നടക്കും. ഡിസംബര്‍ ആറുമുതല്‍ രാവിലെ 7.35മുതല്‍ 8.30വരേയും രാത്രി 7.35മുതല്‍8.30വരേയും കച്ചരികള്‍ ആകാശവാണി സംപ്രേക്ഷണം നടത്തും. ഡിസംബര്‍ പത്തിനാണ് ഏകാദശി.

Related posts