ചിട്ടി നടത്തിപ്പുകാര്‍ മുങ്ങിയതായി ആക്ഷേപം ;പരാതിയുമായി ജീവനക്കാരും നിക്ഷേപകരും; മൂന്നരക്കോടിയോളം തട്ടിയെടുത്തതായി വിവരം

KNR-RUPEESമാവേലിക്കര: 670 നിക്ഷേപകരുടെ മൂന്നരക്കോടിയോളം വരുന്ന തുകയുമായി ചിട്ടി നടത്തിപ്പുകാര്‍ മുങ്ങിയെന്നു പരാതി. മാവേലിക്കരയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കേരള ഗ്രാമീണ വനിതാ വെല്‍ഫയര്‍ സൊസൈറ്റി ജീവനക്കാരും നിക്ഷേപകരുമാണ് സ്ഥാപനത്തിന്റെ ഉടമസ്ഥര്‍ വന്‍തുകയുമായി മുങ്ങിയെന്നാണ് ആരോപണം. 2007ല്‍ രജിസ്റ്റര്‍ ചെയ്തു കറ്റാനം കേന്ദ്രീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ച സൊസൈറ്റി പിന്നീട് കല്ലുമലയില്‍ പ്രവര്‍ത്തനം  ആരംഭിക്കുകയായിരുന്നത്രേ.

മാവേലിക്കര കണ്ടിയൂര്‍ വൃന്ദാവനത്തില്‍ എസ്. രതിയായിരുന്നു സ്ഥാപനത്തിന്റെ പ്രസിഡന്റ്. ഇവരെ കൂടാതെ ഇവരുടെ സഹോദരിമാരായ  ഉമ്പര്‍നാട് രാധേയത്തില്‍ രാധാ ജയചന്ദ്രന്‍, സ്ഥാപനത്തിന്റെ സെക്രട്ടറി തട്ടാരമ്പലം പനക്കല്‍ തെക്കതില്‍ രേഖാഭായി, ഇവരുടെ അമ്മ സരസ്വതിയമ്മ, ബന്ധു ആര്‍. രജി, രാധയുടെ മകള്‍ ആര്‍. വൃന്ദ എന്നിവരും ബാങ്കിന്റെ ബോര്‍ഡംഗങ്ങളായിരുന്നു. ചെറിയനാട് സ്വദേശികളായ ആലീസ് കോശി, അനൂപ് കോശി എന്നിവരും സ്ഥിരമായി സ്ഥാപനത്തില്‍ വന്നുപോകുമായിരുന്നുവെന്ന് പരാതികളില്‍ പറയുന്നു.

2014 ഒക്ടോബര്‍ മുതലാണ് സ്ഥാപനത്തില്‍ വിഷയങ്ങള്‍ ആരംഭിക്കുന്നത്. കളക്ഷന്‍ ഏജന്റുകളായും ഓഫീസ് ജീവനക്കാരായും ഒരേസമയം ജോലി ചെയ്തു വന്നിരുന്ന സുനിത, മഞ്ജുഷ, ജ്യോതി ലക്ഷ്മി എന്നിവര്‍ പലതവണ വിളിച്ചിട്ടും ഉടമസ്ഥരാരും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്നു തിരിച്ചറിഞ്ഞതെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്ന് ജീവനക്കാരുടേതും നിക്ഷേപകരുടേതുമായി നിരവധി പരാതികളാണ് വിവിധ തലങ്ങളില്‍ നല്‍കിയത്.

അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പളളിയിലെ വീട്ടിലെത്തിയും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ നേരിട്ടു കണ്ടും പരാതികള്‍ നല്‍കി. ഉന്നത പോലീസ് മേധാവികള്‍ മുതല്‍ താഴോട്ട് മാവേലിക്കര എസ്‌ഐ വരെയുള്ള  പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. വനിതാ കമ്മീഷനില്‍ നല്‍കിയ പരാതികളിന്‍മേലും അന്വേഷണമുണ്ടായില്ല.

അന്നത്തെ മാവേലിക്കര എസ്‌ഐ പരാതിക്കാരെ വിരട്ടിയെന്നും തങ്ങള്‍ക്കെതിരേ കേസെടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാര്‍ പറയുന്നു. സ്ഥാപനത്തിലെ ജീവനക്കാരികളില്‍ ഒരാളുടെ ഭര്‍ത്താവിന്റെ പേരില്‍ മാവേലിക്കര പോലീസ് കള്ളക്കേസെടുത്തതായും ഇവര്‍ ആരോപിക്കുന്നു. നിക്ഷേപകരും ജീവനക്കാരും മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കാനൊരുങ്ങുകയാണെന്ന് സ്ഥാപനത്തിലെ ജീവനക്കാരായ ജ്യോതി ലക്ഷ്മി, സുനിത, മഞ്ജുഷ എന്നിവരും പണം നഷ്ടപ്പെട്ട നിക്ഷേപകരും പറഞ്ഞു.

Related posts